വഖഫ് എന്നാൽ നാലക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്ന് സുരേഷ് ഗോപി; തമ്മിൽ തല്ലിക്കാനുള്ള നീക്കമെന്ന് കുഞ്ഞാലിക്കുട്ടി
പൂരം കലക്കി, ഇനി വയനാട്ടിൽ എന്തെങ്കിലും കലക്കാനാകുമോ എന്നാണ് ബിജെപി നോക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു
വയനാട്: വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആ ബോർഡിന്റെ പേര് താൻ പറയില്ല. ഭാരതത്തിൽ ആ കിരാതം ഒതുക്കിയിരിക്കും.അമിത് ഷാ അയച്ച ഒരു വീഡിയോ ഉണ്ട്. അത് ഇവിടെ പ്രചരിപ്പിക്കുമെന്നും വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സുരേഷ് ഗോപി പറഞ്ഞു. വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തിലായിരുന്നു പ്രസ്‌താവന.
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്‌ണനും ഇതേവേദിയിൽ വഖഫ് വിഷയത്തിൽ വിവാദപ്രസ്‌താവനയുമായി മുന്നോട്ട് വന്നിരുന്നു. പതിനെട്ടാം പടിക്ക് താഴേ ഇരിക്കുന്ന വാവര്, താൻ ഇത് വഖഫിന് കൊടുത്തുവെന്ന് പറഞ്ഞാൽ ശബരിമല വഖഫിന്‍റെയാകുമെന്നായിരുന്നു ഗോപാലകൃഷ്‌ണൻ പറഞ്ഞത്.
അയ്യപ്പൻ ശബരിമലയിൽ നിന്ന് ഇറങ്ങിപോവേണ്ടി വരുമെന്നും വേളാങ്കണ്ണി പള്ളി ഉൾപ്പെടെ അന്യാധീനപ്പെട്ടു പോകാതെ ഇരിക്കണമെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും പ്രചാരണയോഗത്തിൽ ഗോപാലകൃഷ്‌ണൻ പറഞ്ഞു.
അതേസമയം, തമ്മിൽതല്ലിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന് സുരേഷ് ഗോപിക്ക് മറുപടിയായി മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളം ഇതിനെ ശക്തമായ പ്രതിരോധിക്കും. മുനമ്പം പ്രശ്‌നം രമ്യമായി പരിഹരിക്കാൻ സര്‍ക്കാര്‍ സഹകരിച്ചാൽ മുസ്‌ലിം ലീഗ് മുൻകൈ എടുക്കാമെന്ന് നേരത്തെ അറിയിച്ചിരുന്നു. എവിടെ ചെന്നാലും ഇപ്പോള്‍ കലക്കൽ ആണ് നടക്കുന്നത്. പാലക്കാട് പെട്ടി വെച്ച് കലക്കാൻ ശ്രമം നടക്കുകയാണ്. മുമ്പത്ത് വഖഫ് വെച്ച് പ്രശ്‌നമുണ്ടാക്കുന്നു. വടകരയിൽ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദമുണ്ടാക്കി. ഒടുവിലായി പൂരം കലക്കലും വന്നു. ഇനി വയനാട്ടിൽ വല്ല കലക്കലും നടക്കുമോയെന്നാണ് ബിജെപി നോക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
കേന്ദ്രമന്ത്രി വയനാട്ടിൽ വന്നാൽ ദുരിത ബാധിതർക്ക് എന്തെങ്കിലും കൊടുക്കാനാണ് മുൻകൈയ്യെടുക്കേണ്ടത്. അതെക്കുറിച്ച് ഒന്നും പറയാതെ ഇത്തരം വര്‍ത്തമാനമല്ല സുരേഷ് ഗോപി പറയേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Adjust Story Font
16