'കരുണാകരൻ കോൺഗ്രസിന്റെ പിതാവും ഇന്ദിരാഗാന്ധി കോൺഗ്രസിന്റെ മാതാവുമെന്നാണ് പറഞ്ഞത്'; വിശദീകരണവുമായി സുരേഷ് ഗോപി
തന്‍റെ പരാമര്‍ശത്തെ തെറ്റായി പ്രചരിപ്പിച്ചെന്നും സുരേഷ് ഗോപി
തിരുവനന്തപുരം: ഇന്ദിരാഗാന്ധി ഭാരതത്തിന്റെ മാതാവാണെന്ന പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി.കെ. കരുണാകരൻ കേരളത്തിലെ കോൺഗ്രസിന്റെ പിതാവും ഭാരതത്തിലെ കോൺഗ്രസിന്റെ മാതാവ് ഇന്ദിരാഗാന്ധിയുമാണെന്നാണ് പറഞ്ഞത്. ഇതിനെ തെറ്റായി പ്രചരിപ്പിച്ചെന്നും സുരേഷ് ഗോപി തിരുവനന്തപുരത്ത് പറഞ്ഞു.
'കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ആർക്കും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കരുണാകരൻ കേരളത്തിലെ കോൺഗ്രസിന്റെ പിതാവാണ്. ഭാരതം എന്ന് പറയുമ്പോൾ മാതാവ് ഇന്ദിരാഗാന്ധിയാണ് എന്ന് ഹൃദയത്തിൽവെച്ചുകൊണ്ടാണ് പറഞ്ഞത്. അല്ലാതെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയും രാഷ്ട്രമാതാവ് ഇന്ദിരാഗാന്ധിയും എന്ന അർഥം അതിനില്ല'. സുരേഷ് ഗോപി വ്യക്തമാക്കി.
'ഇന്നലെ നടന്ന കോലാഹലങ്ങളൊന്നും ഞാൻ ശ്രദ്ധിച്ചിട്ടില്ല. വലിയ ഉത്തരവാദിത്തങ്ങൾ എന്റെ തലയിലുണ്ട്. ഇങ്ങനെയുള്ള ഒരു കാര്യങ്ങളും മുഖവിലക്കെടുക്കില്ല. മാധ്യമങ്ങളെ ഇതുവരെ ഞാൻ വിലക്കിയിട്ടില്ല. ഇത്തരത്തിലെങ്കിൽ മാധ്യമങ്ങളിൽ നിന്ന് അകലും. കലാകാരനായി പോലും മാധ്യമങ്ങൾക്ക് മുന്നിൽ വരില്ല'..സുരേഷ് ഗോപി പറഞ്ഞു.
'തൃശ്ശൂരിലെ ജനത ബി.ജെ.പിക്ക് നൽകിയ തങ്കകിരീടമാണ് വിജയം.ഒന്നര വർഷം നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണിത്. തൃശ്ശൂരിലെ എംപിയായി ഒതുങ്ങില്ല.കേരളത്തിന്റെ എംപിയായിരിക്കും.തമിഴ്‌നാടിന് വേണ്ടിയും താൻ പ്രവർത്തിക്കും'.സുരേഷ് ഗോപി പറഞ്ഞു.
Adjust Story Font
16