നിസ്‌കാരപള്ളി 'കളറാക്കി' സൂര്യനാരായണൻ; ഇത് വറ്റല്ലൂരിന്റെ നന്മ
പ്രവാസിയായ സൂര്യനാരായണൻ സ്വന്തം ചെലവിൽ പള്ളി പെയിന്റടിച്ച് കൈമാറുകയായിരുന്നു
മലപ്പുറം: വറ്റല്ലൂരിലെ പ്രവാസിയായ സൂര്യനാരായണൻ നാട്ടിലെത്തിയപ്പഴാണ് വീടിന് സമീപത്തെ നിസ്‌ക്കാരപളളിയുടെ ചുമരുകൾ ശ്രദ്ധിച്ചത്. സാധാരണ എല്ലായിടത്തും റമദാൻ ആരംഭിക്കാനാവുമ്പോഴേക്കും പള്ളിയും പരിസരവുമെല്ലാം പെയിന്റടിച്ച് ഭംഗിയാക്കാറുള്ളതാണ്. എന്നാൽ റമദാൻ അടുത്തെത്തിയിട്ടും കുറുവ വില്ലേജ് ഓഫീസിന് സമീപത്തെ ഉമറുൽ ഫാറൂഖ് മസ്ജിദ് പെയിന്റടിക്കുകയോ പുതുക്കിയിട്ടോ ഇല്ല. അപ്പോഴാണ് സൂര്യനാരായണന്റെ മനസിൽ ഒരാഗ്രഹം തോന്നിയത്. 'എന്തുകൊണ്ട് തനിക്ക് ആ പള്ളിയും പരിസരവും പെയിന്റ് ചെയ്ത് നൽകിക്കൂടാ';..അദ്ദേഹം തന്റെ ആഗ്രഹം പള്ളിക്കമ്മിറ്റിയെ അറിയിക്കുകയും ചെയ്തു. ജാതിമത വേലിക്കെട്ടുകൾ പണ്ടേയില്ലാത്ത വറ്റല്ലൂരുകാർക്ക് കൂടുതൽ ചിന്തിക്കേണ്ടിവന്നില്ല. 'പണ്ടുമുതലേ ഇവിടുത്തെ മനുഷ്യർ ഒരുപോലെ കഴിയുന്ന ഇടമാണ്',സൂര്യനാരായണൻ അങ്ങനെയൊരു ആഗ്രഹം പറഞ്ഞപ്പോൾ വളരെയധികം സന്തോഷം തോന്നിയെന്ന് പള്ളി ഇമാം മുഹമ്മദ് റോഷനും പള്ളി ഭാരാവഹികളായ മൻസൂർപളളിപ്പറമ്പിലും പറയുന്നു.
പള്ളിക്കമ്മിറ്റിയുടെ അനുമതി കിട്ടിയതോടെ സൂര്യനാരായണൻ തന്നെ ജോലിക്കാരെ ഏർപ്പാടാക്കി. തിരികെ പ്രവാസലോകത്തേക്ക് മടങ്ങിയ സൂര്യനാരായണൻ സഹോദരൻ അജയകുമാർ വഴിയാണ് ജോലികൾപൂർത്തിയാക്കിയത്. ഒരാഴ്ചയോളമായിരുന്നു ജോലിയുണ്ടായിരുന്നത്. നോമ്പ് തുടങ്ങുന്നത് രണ്ട് ദിവസം മുമ്പ് തന്നെ പെയിന്റിങും പൂർത്തിയാക്കുകയും ചെയ്തു.
പള്ളിക്കമ്മിറ്റിയംഗം കൂടിയായ മൻസൂർ പള്ളിപ്പറമ്പിലാണ് സൂര്യനാരായണന്റെ നന്മയെ കുറിച്ച് ആദ്യം ഫേസ്ബുക്കിൽ പോസ്റ്റിടുന്നത്. തുടർന്ന് ഈ പോസ്റ്റ് പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ പങ്കുവെച്ചതോടെയാണ് ഇക്കാര്യം വറ്റല്ലൂരിന് പുറത്തേക്ക് പടർന്നത്.
'ഉണ്ണുന്നതിനും ഉടുക്കുന്നതിലുമെല്ലാം വർഗീയതയുടെ വിഷ വിത്ത് പാകി ഈ വിശാല ലോകത്ത് മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകൾ സ്വയം തീർത്ത് അതിൽ ഒതുങ്ങിക്കൂടാൻ ഉള്ള പ്രവണത വർദ്ധിച്ചു വരികയാണ്. അതിനിടയിലാണ് ഇത്തരത്തിലുള്ള സന്തോഷകരമായ വാർത്തകൾ വരുന്നത്.ഇതുപോലുള്ള സൂര്യനാരായണൻമാർ നമുക്കിടയിൽ ധാരാളമുണ്ട് എന്നത് തന്നെയാണ് നമ്മുടെ നാടിന്റെ പ്രതീക്ഷ'യെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.ഇതോടെനിരവധി പേരാണ് സൂര്യനാരായണന് അഭിനന്ദനമറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ താൻ താൻ ചെയ്ത കാര്യത്തിൽ പേരോ പ്രശസ്തിയോ വേണ്ടെന്നാണ് സൂര്യനാരായണന്‍ പറയുന്നത്.
Adjust Story Font
16