തൃശൂരിൽ യുവാവിൻറെ മരണം; കുരങ്ങുവസൂരിയെന്ന് സംശയം
വിദേശത്ത് നിന്നെത്തിയ യുവാവിനെ മൂന്ന് ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
തൃശൂര്‍: തൃശൂരിൽ യുവാവിൻ്റെ മരണം കുരങ്ങുവസൂരി മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിയായ 22കാരനാണ് ഇന്ന് രാവിലെ മരിച്ചത്. വിദേശത്ത് നിന്നെത്തിയ ഇയാളെ മൂന്ന് ദിവസം മുൻപാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുരങ്ങുവസൂരിയെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് പരിശോധനക്കയച്ചു.
അതേസമയം, രാജ്യത്ത് ആദ്യമായി കുരങ്ങുവസൂരി സ്ഥിരീകരിച്ച കൊല്ലം സ്വദേശി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ആദ്യ കേസായതിനാല്‍ എന്‍.ഐ.വിയുടെ നിര്‍ദേശ പ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ത്വക്കിലെ തടിപ്പുകള്‍ പൂര്‍ണമായി ഭേദമായിട്ടുണ്ടെന്നും ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ജൂലൈ പന്ത്രണ്ടാം തീയതി യു.എ.ഇയില്‍ നിന്നെത്തിയ യുവാവിന് 14ാം തീയതിയാണ് രോഗം സ്ഥിരീകരിച്ചത്. ഉടനടി തന്നെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശവും നല്‍കി. ഇയാളുമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളുടെ ഫലവും നെഗറ്റീവാണ്. നിലവില്‍ കുരങ്ങുവസൂരി സ്ഥിരീകരിച്ച മറ്റ് രണ്ട് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
Adjust Story Font
16