Quantcast

ന്യൂനപക്ഷ സ്‌കോളർഷിപ്പ്: സർക്കാർ തീരുമാനം പുനഃപരിശോധിക്കണം: എസ്‌വൈഎസ്

സ്കോളർഷിപ്പ് തുക പകുതിയായി വെട്ടിക്കുറച്ചത് ന്യൂനപക്ഷ വിദ്യാർഥികളെ സാരമായി ബാധിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മറ്റു മാർ​​ഗങ്ങൾ ആലോചിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് എസ്‌വൈഎസ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    1 Feb 2025 5:25 PM

SYS Against minority scholarship cut
X

കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധിയുടെ മറവിൽ ന്യൂനപക്ഷ സ്‌കോളർഷിപ്പ് തുക വെട്ടിക്കുറച്ച നടപടി നീതീകരിക്കാനാകാത്തതാണെന്ന് എസ്‌വൈഎസ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ആശ്രയമായിരുന്ന കോളർഷിപ്പ് തുകയിൽ 50 ശതമാനം വെട്ടിക്കുറച്ച നടപടി ന്യൂനപക്ഷ വിദ്യാർഥികളുടെ പഠനത്തെ സാരമായി ബാധിക്കും. ന്യൂനപക്ഷങ്ങളുടെ സാമൂഹിക ശാക്തീകരണം കൂടി ലക്ഷ്യമിട്ടാണ് ഇത്തരം പദ്ധതികൾ പ്രഖ്യാപിക്കപ്പെടുന്നത്. ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പതിറ്റാണ്ടുകളായി നൽകിവരുന്ന സ്‌കോളർഷിപ്പുകൾ കേന്ദ്രസർക്കാർ നേരത്തെ നിർത്തലാക്കിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ സംസ്ഥാന സർക്കാരിന്റെ ഇടപെടലുകളാണ് ആ മേഖലയിൽ ആശ്വാസമായിരുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠനം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള അത്താണിയായിരുന്നു സ്‌കോളർഷിപ്പുകൾ. ഈ തുക വെട്ടിക്കുറച്ചത് തികച്ചും തെറ്റായ നടപടിയാണ്.

എട്ട് വിഭാഗം സ്‌കോളർഷിപ്പുകളിൽ കുറവ് വരുത്തുന്നതിലൂടെ വലിയ പ്രതിസന്ധിയാണ് ഈ മേഖലയിൽ സംഭവിക്കുന്നത്. ഈ തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്ന് എസ്‌വൈഎസ് ആവശ്യപ്പെട്ടു. സാമൂഹിക മുന്നേറ്റത്തിന് വേഗം പകരുന്ന നിലപാടുകളാണ് സർക്കാരിൽനിന്ന് ന്യൂനപക്ഷ സമുദായങ്ങൾ പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കുന്നതിനുള്ള മറ്റു മാർഗങ്ങളെ കുറിച്ച് ആലോചിക്കുകയാണ് സർക്കാർ വേണ്ടതെന്നും എസ്‌വൈഎസ് സംസ്ഥാന കമ്മിറ്റി പറഞ്ഞു. യൂത്ത് സ്‌ക്വയറിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങൾ സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, റഹ്മത്തുള്ള സഖാഫി എളമരം, എം. അബൂബക്കർ മാസ്റ്റർ, ഇ.കെ മുഹമ്മദ് കോയ സഖാഫി, ആർ.പി ഹുസൈൻ, ഉമർ ഓങ്ങല്ലൂർ,സിദ്ദീഖ് സഖാഫി തിരുവനന്തപുരം, അബ്ദുറഷീദ് നരിക്കോട്, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, വി.പി.എം ബഷീർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

TAGS :

Next Story