എസ്.വൈ.എസ് നേതാക്കള്‍ മാര്‍ ജേര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച്ച നടത്തി
സാമുദായിക സൗഹാർദം നിലനിർത്താൻ സുന്നി സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന എല്ലാ പരിശ്രമങ്ങൾക്കും മാർ ജോർജ് ആലഞ്ചേരി പിന്തുണ അറിയിച്ചു
എസ്.വൈ.എസ് സംസ്ഥാന നേതാക്കള്‍ സിറോ മലബാര്‍ സഭാ അധ്യക്ഷന്‍ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച്ച നടത്തി. കാക്കനാട് മൗണ്ട് സെന്‍റ് തോമസിലായിരുന്നു കൂടിക്കാഴ്ച്ച. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, വൈസ് പ്രസിഡന്‍റ് ഡോ. പി.എ മുഹമ്മദ് കുഞ്ഞി സഖാഫി, സെക്രട്ടറി ജബ്ബാർ സഖാഫി, ഐ പി എഫ് പ്രതിനിധി അഡ്വ. സി.എ മജീദ് എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. ഇരുസമുദായങ്ങളുമായും ബന്ധപ്പെട്ട സമകാലിക വിഷയങ്ങൾ സുന്നി നേതാക്കൾ കര്‍ദിനാളുമായി ചർച്ച ചെയ്തു.
മുൻകാലങ്ങളിൽ നിലനിന്ന സമുദായ സൗഹൃദത്തിനു പരിക്കേല്‍പ്പിക്കുന്ന നീക്കങ്ങള്‍ക്കെതിരെ ഇരു സമുദായങ്ങളിലെയും വിശ്വാസികൾ ജാഗ്രത പാലിക്കേണ്ടതിന്‍റെ അനിവാര്യതയും നേതാക്കൾ പങ്കുവെച്ചു. തെറ്റിദ്ധാരണകൾ നീക്കി സാമുദായിക സൗഹാർദം നിലനിർത്താൻ സുന്നി സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന എല്ലാ പരിശ്രമങ്ങൾക്കും മാർ ജോർജ് ആലഞ്ചേരി പിന്തുണ അറിയിച്ചു. മര്‍ക്കസിന്‍റെയും സുന്നി പ്രസ്ഥാനത്തിന്‍റെയും നേതൃത്വത്തിൽ ഇന്ത്യയിലാകെ നടന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നേതാക്കൾ കർദിനാളിനോട് വിശദീകരിച്ചു.
Adjust Story Font
16