Quantcast

ഒരു മകന് പിതാവ്‌ നൽകുന്ന സ്നേഹം ആ മനുഷ്യനിൽ നിന്ന് ഞാൻ അനുഭവിച്ചിട്ടുണ്ട്‌; ഉമ്മന്‍ചാണ്ടിയെക്കുറിച്ച് വൈകാരിക കുറിപ്പുമായി ടി.സിദ്ദിഖ്

എന്നെ എത്ര അഗാധമായാണു സ്നേഹിച്ചതും വിശ്വസിച്ചതും

MediaOne Logo

Web Desk

  • Updated:

    2023-07-20 09:36:52.0

Published:

20 July 2023 6:21 AM GMT

Oommen Chandy
X

ഉമ്മന്‍ചാണ്ടിക്കൊപ്പം ടി.സിദ്ദിഖ് 

കോഴിക്കോട്: ആള്‍ക്കൂട്ടവും ആരവവുമില്ലാത്ത ലോകത്തേക്ക് മറഞ്ഞ പ്രിയ നായകനെ കാണാന്‍ കേരളം ഒരു സാഗരമായി മാറിക്കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ കൂടെ നടന്നവരുടെ മനസുകളും തിരയടങ്ങാത്ത അലകടലായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് ഓര്‍മകളുണ്ട് അവര്‍ക്ക് പങ്കുവയ്ക്കാന്‍..എല്ലാം സ്നേഹത്തിന്‍റെയും കരുതലിന്‍റെയും കുഞ്ഞൂഞ്ഞ് കഥകള്‍. ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ടി.സിദ്ദിഖ് എം.എല്‍.എ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ കണ്ണ് നനയ്ക്കുന്നത്. ഒരു മകന് പിതാവ് നല്‍കുന്ന സ്നേഹം താന്‍ ഉമ്മന്‍ചാണ്ടിയില്‍ നിന്നും അനുഭവിച്ചിട്ടുണ്ടെന്ന് കുറിക്കുകയാണ് സിദ്ദിഖ്.

ടി.സിദ്ദിഖിന്‍റെ കുറിപ്പ്

ഒരു മകന് പിതാവ്‌ നൽകുന്ന സ്നേഹം ആ മനുഷ്യനിൽ നിന്ന് ഞാൻ അനുഭവിച്ചിട്ടുണ്ട്‌... എന്നെ എത്ര അഗാധമായാണു സ്നേഹിച്ചതും വിശ്വസിച്ചതും... ഏത്‌ സാഹചര്യത്തിലും അദ്ദേഹമില്ലാതെ ഞാനില്ല എന്ന് തന്നെ ഞാൻ വിശ്വസിച്ചു... ഇപ്പോൾ തീർത്തും തനിച്ചായിരിക്കുന്നു... അനാഥമായ ഒരു കുട്ടിയെ പോലെ... രണ്ടാഴ്ച മുമ്പ്‌ ബാംഗ്ലൂരിൽ അദ്ദേഹത്തെ കാണാൻ പോയപ്പോൾ തീരെ വയ്യാതിരുന്നിട്ടും ആംഗ്യ ഭാഷയിൽ എന്നോട്‌ എന്തൊക്കെയോ പറഞ്ഞ്‌ കൊണ്ടിരുന്നു... അദ്ദേഹം പറയാൻ കൊതിച്ചത്‌ എന്തായിരുന്നു..!!! ഒടുവിൽ ഞാൻ ഇറങ്ങി കാറിൽ കയറി ഗേറ്റ്‌ വിടുമ്പോൾ മകൻ ചാണ്ടി ഉമ്മൻ എന്നെ വീണ്ടും വിളിച്ച്‌ "അപ്പ വിളിക്കുന്നു എന്ന് പറഞ്ഞു..." ഞാൻ തിരിച്ച്‌ കയറിയപ്പോൾ ചാണ്ടി മോനോട്‌ വീൽ ചെയറിൽ നിന്ന് എണീറ്റ്‌ നിൽക്കണമെന്ന് ആംഗ്യം കൊണ്ട്‌ ആവശ്യപ്പെട്ടു... എല്ലാവരും താങ്ങി നിർത്തിയപ്പോൾ എന്നെ ഒന്ന് നോക്കി... ആ നോട്ടത്തിൽ എല്ലാമുണ്ടായിരുന്നു... എന്നെ എണീറ്റ്‌ നിന്ന് അനുഗ്രഹിച്ച്‌ യാത്രയാക്കുകയായിരുന്നു... കണ്ണുകൾ നിറഞ്ഞ്‌ ഞാനിറങ്ങി...

രാഹുൽ ഗാന്ധി വിളിച്ച്‌ ചേർത്ത യോഗത്തിനു ബാംഗ്ലൂരിൽ പോകാൻ ഫ്ലൈറ്റ്‌ ടിക്കറ്റ്‌ റെഡിയാക്കുമ്പോൾ അദ്ദേഹത്തെ വീണ്ടും കാണാൻ പോകാൻ ഞാൻ ആഗ്രഹിച്ചു... എന്നാൽ പുലർച്ചെ ചാണ്ടി മോൻ വിളിക്കുമ്പോൾ ഞാൻ അനുഭവിച്ചത്‌ എന്റെ ഉപ്പ വിട്ട്‌ പോയ നിമിഷങ്ങൾ തന്നെയായിരുന്നു... എനിക്കെല്ലാമെല്ലാമായിരുന്നു സാർ... എന്‍റെ എല്ലാ പ്രയാസങ്ങളും അലിയിച്ച്‌ കളയാനുള്ള മാന്ത്രിക ശക്തി അദ്ദേഹത്തിനുണ്ടായിരുന്നു... "ഞാൻ അദ്ദേഹത്തിനെതിരെ" എന്ന് മറുനാടൻ മലയാളിയിൽ വാർത്ത വന്നപ്പോൾ ആദ്യം എന്നെ അദ്ദേഹം ഇങ്ങോട്ട്‌ വിളിച്ചു... "നീ പേടിക്കണ്ട... എനിക്കറിയാം എല്ലാം..." എന്നായിരുന്നു പറഞ്ഞത്‌... അരാണു എന്താണു എന്നൊക്കെ അദ്ദേഹത്തിനറിയാമായിരുന്നു... സാറിനു എന്നെ അറിയാമായിരുന്നു... അതെനിക്കും... എന്‍റെ ചുമലിൽ ചാരി എത്രയോ കാറിൽ അദ്ദേഹം ഉറങ്ങിയിട്ടുണ്ട്‌... എന്നെ അത്രയ്ക്ക്‌ വിശ്വാസവും സ്നേഹവുമായിരുന്നു... അദ്ദേഹമില്ലെങ്കിൽ ഞാനില്ല എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു...

ഇനിയെന്ത്‌..? എനിക്കറിയില്ല...! ഈ ആൾക്കൂട്ടത്തിലൊരുവനായി നിരാലംബനായി ഞാൻ നിൽക്കുന്നു... മുന്നിൽ ഇരുട്ടാണ്... ആ വെളിച്ചം അണഞ്ഞിരിക്കുന്നു... രാഷ്ട്രീയത്തിൽ അദ്ദേഹത്തെ അനുകരിക്കുകയാണു ഞാൻ... എല്ലാ അർത്ഥത്തിലും... ഒരു തുടർച്ച എന്ന പോലെ...

TAGS :

Next Story