Quantcast

ഉദ്ഘാടനത്തിനു മുമ്പേ മാഹി ബൈപ്പാസില്‍ ടോള്‍ പിരിവ്

ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ എല്‍.ഡി.എഫും ബി.ജെ.പിയും

MediaOne Logo

വെബ് ഡെസ്ക്

  • Updated:

    2024-03-11 06:37:30.0

Published:

11 March 2024 6:35 AM GMT

ഉദ്ഘാടനത്തിനു മുമ്പേ മാഹി ബൈപ്പാസില്‍ ടോള്‍ പിരിവ്
X

മാഹി: ഉദ്ഘാടനത്തിനു മുമ്പേ തലശ്ശേരി- മാഹി ബൈപ്പാസില്‍ ടോള്‍ പിരിവ് തുടങ്ങി. ഇന്ന് രാവിലെ എട്ട് മണി മുതല്‍ തന്നെ ടോള്‍ പിരിവ് ആരംഭിച്ചു. പാലത്തിന്റെ ഉദ്ഘാടനം പതിനൊന്നുമണിക്ക് ശേഷം പ്രധാനമന്ത്രി ഓണ്‍ലൈനായി നടത്താനിരിക്കെയാണ് ടോള്‍ പിരിവ്. ഉത്തരേന്ത്യയിലുള്ള കമ്പനിക്കാണ് ടോള്‍ പിരിവിന്റെ കരാര്‍. കുളശ്ശേരിക്കടുത്ത് ഒരു സ്ഥലത്താണ് ഇപ്പോള്‍ താല്കാലികമായി ടോള്‍ പ്ലാസ ആരംഭിച്ചിരിക്കുന്നത്. തൊട്ടടുത്ത റീച്ചിന്റെ പണി പൂര്‍ത്തിയാകുന്നതോടെ ടോള്‍ പ്ലാസ കല്ല്യാശേരിയിലേക്ക് മാറും.

ദേശിയ പാതയില്‍ ഓരോ 60 കി.മീറ്ററിലുമാണ് ടോള്‍ ഏര്‍പ്പെടുത്തേണ്ടതെന്ന ചട്ടമുണ്ടെങ്കിലും 18 കി.മീ പൂര്‍ത്തിയായപ്പോഴേക്കും ടോള്‍ പിരിവ് തുടങ്ങുകയായിരുന്നു. കാര്‍, ജീപ്പ്, വാന് തുടങ്ങിയ ചെറുവാഹനങ്ങള്‍ക്ക് ഒരുവശത്തേക്ക് 60 രൂപയാണ് ടോള്‍ നിരക്ക്. രണ്ടുവശത്തേക്കുമായി 100 രൂപയാണ്. 50 യാത്രകള്‍ക്ക് 2195 രൂപ എന്ന നിലയില്‍ ഒരു പ്രതിമാസ നിരക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലക്ക് അകത്ത് രജിസ്റ്റര്‍ ചെയ്ത ടാക്‌സി വാഹനങ്ങള്‍ക്ക് 35 രൂപയാണ് ടോള്‍ നിരക്ക്. മിനിബസിന് ഒരുവശത്തേക്ക് 105 രൂപയും ഇരുവശത്തേക്ക് 160 രൂപയുമാണ്. ബസ്, ലോറി എന്നിവക്ക് ഒരുവശം 225 രൂപയും ഇരുവശം 335രൂപയുമാണ്. ത്രീ ആക്‌സില്‍ വാഹനങ്ങള്‍ക്ക് ഒരുവശം 245 രൂപയും ഇരുവശം 365 രൂപയുമാണ്. 4-6 ആക്‌സില്‍ വാഹനങ്ങള്‍ക്ക്

ഒരുവശം 350 രൂപയും ഇരുവശം 525 രൂപയുമാണ്. ഏഴും അതില്‍ കൂടുതലും ആക്‌സിലുകളുള്ള വലിയ വാഹനങ്ങള്‍ക്ക് ഒരുവശം 425 രൂപയും ഇരുവശത്തേക്ക് 640 രൂപയുമാണ്. ടോള്‍ പ്ലാസയില്‍ നിന്നും 20 കി. മീ. ചുറ്റളവിലുള്ളവരുടെ വാഹനത്തിന് പ്രതിമാസ നിരക്ക് 330 രൂപയാണ്. എല്ലാ വാഹനങ്ങള്‍ക്കും 50 യാത്രകള്‍ക്ക് പ്രതിമാസ നിരക്കുണ്ട്.

അതേസമയം നാഷണല്‍ ഹൈവേയുടെ നോട്ടിഫിക്കേഷന്‍ പ്രകാരമാണ് രാവിലെ എട്ടുമുതല്‍ ടോള്‍ പിരിവ് ആരംഭിച്ചതെന്ന് ടോള്‍ പിരിവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. മാഹി ബൈപ്പാസിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ എല്‍.ഡി.എഫും ബി.ജെ.പിയും രംഗത്തെത്തി. മന്ത്രി മുഹമ്മദ് റിയാസും സ്പീക്കര്‍ എ.എന്‍ ഷംസീറും ഡബിള്‍ ഡക്കര്‍ ബസ്സില്‍ ബൈപ്പാസില്‍ യാത്രചെയ്യും. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും നേതാക്കളും റോഡ് ഷോയും നടത്തും.

TAGS :

Next Story