എന്‍.എം വിജയന്‍റെ ആത്മഹത്യ; ഐ.സി ബാലകൃഷ്ണന്‍റെയും എന്‍.ഡി അപ്പച്ചന്‍റെയും അറസ്റ്റ് തടഞ്ഞു
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് നിര്‍ദേശം
കൊച്ചി: വയനാട് ഡിസിസി ട്രഷറന്‍ എന്‍.എം വിജയന്‍റെ ആത്മഹത്യയില്‍ ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയുടെയും എന്‍.ഡി അപ്പച്ചന്‍റെയും അറസ്റ്റ് തടഞ്ഞ് കോടതി. 15-ാം തീയതി വരെ അറസ്റ്റ് പാടില്ലെന്ന് പൊലീസിന് വയനാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വാക്കാൽ നിർദേശം നല്‍കി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് നിര്‍ദേശം. 15ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും.
ആത്മഹത്യയിൽ പ്രതി ചേർത്തതോടെ അറസ്റ്റ് ഭയന്ന് രഹസ്യ കേന്ദ്രത്തിൽ തുടരുന്നതിനിടെയാണ് കോടതിയിൽ നിന്നുള്ള താൽക്കാലികാശ്വാസം. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട പ്രതികൾ, കഴിഞ്ഞ ദിവസം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇത് പരിഗണിക്കുന്നതിനിടെയാണ് അറസ്റ്റ് തടഞ്ഞ് കോടതി പൊലീസിന് വാക്കാൽ നിർദ്ദേശം നൽകിയത്. ഐ.സി ബാലകൃഷ്ണനു പുറമെ ഡിസിസി പ്രസിഡന്‍റ് എൻ ഡി അപ്പച്ചൻ, കോൺഗ്രസ് പുറത്താക്കിയ കെ.കെ ഗോപിനാഥൻ, മരിച്ചു പോയ പി.വി ബാലചന്ദ്രൻ എന്നിവരാണ് പ്രതികൾ. കെ.കെ ഗോപിനാൻ ഹൈക്കോടതിയെയാണ് മുൻകൂർ ജാമ്യത്തിന് സമീപിച്ചിരുന്നത്.
എൻ.എം വിജയന്‍റെ കത്തിന്‍റെ വെളിച്ചത്തിലാണ് പൊലീസ് കേസെടുത്തതെങ്കിലും കത്ത് വിജയൻ്റേതാണ് എന്ന് ഉറപ്പിക്കാൻ പൊലീസിനായിട്ടില്ല. കയ്യക്ഷര പരിശോധനയടക്കം ശാസ്ത്രീയ പരിശോധനയിൽ ഇത് തെളിയിക്കപ്പെടും മുമ്പ് നേതാക്കളെ പ്രതി ചേർത്തത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോൺഗ്രസ് നിലപാട്. എംഎൽഎ അടക്കമുള്ളവരുടെ അറസ്റ്റ് മുൻകൂട്ടി കണ്ട കോൺഗ്രസ് നേതൃത്വം അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ മാറി നിൽക്കാൻ നേതാക്കൾക്ക് നിർദേശം നൽകിയിരുന്നു.
Adjust Story Font
16