ബാർ കോഴക്കേസിൽ കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
ബാർ കോഴക്കേസിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണം വരാനുള്ള കാരണം രമേശ് ചെന്നിത്തല ആണെന്നാണ് ആത്മകഥയിൽ കെ.എം മാണി ആരോപിക്കുന്നത്.
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ ബാർ കോഴക്കേസിൽ കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി അന്തരിച്ച മുൻ ധനമന്ത്രി കെ.എം മാണിയുടെ ആത്മകഥ. രമേശ് ചെന്നിത്തലയ്ക്കെതിരെയും കെ. ബാബുവിനെതിരെയുമുൾപ്പെടെ ഗുരുതര ആരോപണമുന്നയിക്കുന്ന ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് പ്രകാശനം ചെയ്യും.
രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച ബാർ കോഴക്കേസ് വീണ്ടും സജീവ ചർച്ചയിലേക്ക് കൊണ്ടുവരുന്നതാണ് കേരള കോൺഗ്രസ് എം നേതാവും മുൻ ധനമന്ത്രിയുമായ കെ.എം മാണിയുടെ ആത്മകഥ. ബാർ കോഴക്കേസിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണം വരാനുള്ള കാരണം രമേശ് ചെന്നിത്തല ആണെന്നാണ് ആത്മകഥയിൽ കെ.എം മാണി ആരോപിക്കുന്നത്. അതിന് ആധാരമായി കെ.എം മാണി പറയുന്നത് ഇപ്രകാരം- രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കോൺഗ്രസ് നേതാവ് തന്നെ സമീപിച്ചു. താൻ അതിനു വില കൽപ്പിച്ചില്ല.
ഈ ആവശ്യത്തിൽ അനുകൂല നിലപാട് എടുക്കാത്തത് കൊണ്ടാണ് തനിക്കെതിരെ രമേശ് ചെന്നിത്തല വിജിലൻസിന്റെ ത്വരിതാന്വേഷണം പ്രഖ്യാപിച്ചതെന്ന് കെ.എം മാണി ആത്മകഥയിൽ പറയുന്നു. തനിക്കെതിരായ ഒരു വടിയായി ബാർ കോഴ ആരോപണത്തെ രമേശ് ചെന്നിത്തല കണ്ടു. 'ഇത്തിരി വെള്ളം കുടിക്കട്ടെ, ഒരു പാഠം പഠിക്കട്ടെ' എന്ന് രമേശ് മനസിൽ കണ്ടിരിക്കാം എന്നാണ് കെ.എം മാണി ആത്മകഥയിൽ പറയുന്നത്. കിട്ടിയ അവസരം രമേശ് ചെന്നിത്തല ഉപയോഗിച്ചു എന്ന കടുത്ത വിമർശനവും മാണി ഉന്നയിക്കുന്നുണ്ട്.
അന്ന് എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബുവിനെതിരെയും കെ.എം മാണി ആരോപണം ഉന്നയിക്കുന്നുണ്ട്. നിയമ മന്ത്രി കൂടിയായിരുന്ന തന്നെ മറികടന്ന് എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബു ബാർ ലൈസൻസ് പുതുക്കാനുള്ള ഫയൽ മന്ത്രിസഭയിൽ കൊണ്ടുവന്നു എന്നാണ് ആരോപണം. നിയമ പ്രശ്നങ്ങളുള്ള ഫയൽ നിയമ മന്ത്രിയായ താൻ കാണാതെ കെ. ബാബു മന്ത്രിസഭയിൽ കൊണ്ടുവന്നു. ഫയൽ തന്നെ കാണിക്കണമായിരുന്നു എന്ന് പറഞ്ഞത് ബാബുവിന് ഇഷ്ടപ്പെട്ടില്ല. പിന്നീട് ലൈസൻസിനെ കുറിച്ച് ചോദിച്ച ബാർ ഉടമകളോട് 'നിങ്ങൾ ജുബ്ബാ ചേട്ടനോട് ചോദിക്കൂ എന്ന് ബാബു പറഞ്ഞതായി' താൻ അറിഞ്ഞുവെന്ന് മാണി ആരോപിക്കുന്നുണ്ട്.
ഇതിനെയെല്ലാം അതിജീവിച്ച് താന്‍ പാലായില്‍ ജയിച്ചെങ്കിലും യുഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെടാനുള്ള പ്രധാന കാരണം കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയായിരുന്നു എന്നും ആത്മകഥ പറയുന്നു. കെ.എം മാണി മരിക്കുന്നതിന് ആറു മാസം മുമ്പ് എഴുതിയ ആത്മകഥയാണ് ഇപ്പോൾ പ്രസിദ്ധീകരിക്കുന്നതെന്നാണ് കെ.എം മാണി ഫൗണ്ടേഷന്റെ വിശദീകരണം. ചടങ്ങിലേക്ക് ഒരു കോൺഗ്രസ് നേതാവിനും ക്ഷണമില്ല. യുഡിഎഫിൽ നിന്നും പി.കെ കുഞ്ഞാലിക്കുട്ടിക്കു മാത്രമാണ് ക്ഷണം.
Adjust Story Font
16