കിറ്റിൽ പുഴുവരിച്ച സംഭവം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
പുതുതായി ലഭിച്ച അരി ചാക്കുകളിലും ചെള്ളുകളെയും പ്രാണികളെയും കണ്ടെത്തിയിരുന്നു
തിരുവനന്തപുരം: വയനാട് ദുരിതബാധിതർക്ക് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ
പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി നിർദേശിച്ചു.
ഇതിനിടെ മേപ്പാടിയിൽ ദുരിതബാധിതർക്ക് സർക്കാർ പുതുതായി നൽകിയ കിറ്റിലും കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളെന്ന് ആരോപണം. പഞ്ചായത്ത് ഭരണസമിതിയുടേതാണ് പരാതി.
30നും ഒന്നിനും വിതരണം ചെയ്ത ചില അരിച്ചാക്കുകളിൽ ചെള്ളുകളെയും മറ്റ് പ്രാണികളെയും കണ്ടെത്തി. ചില ചാക്കുകളിൽ 2018 ആണ് എക്‌സപയറി ഡേറ്റ് കാണിക്കുന്നത്. ചില ചാക്കുകളിൽ ഡേറ്റില്ലെന്നും പരാതിയുണ്ട്.
പുഴുക്കളരിച്ചതിൽ 12 ചാക്കും ഡേറ്റില്ലാതെ ആറുപത് ചാക്കുകളുമാണ് പുതുതായി മാറ്റിവെച്ചതെന്നും ഭരണസമിതി പറഞ്ഞു.
അരിച്ചാക്ക് പഞ്ചായത്ത് പൂഴ്ത്തിവച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഇവിടെ ഡിവൈഎഫ്‌ഐ പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റവന്യൂ വകുപ്പിൽ നിന്നും പുതിയ അരി വിതരണം ചെയ്യാൻ തുടങ്ങിയത്.
ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ച ഇ.എം.എസ് ടൗൺഹാളിൽ ടി. സിദ്ദീഖ് എംഎൽഎ പരിശോധന നടത്തി. പരിശോധനയിൽ അരിയിൽ പ്രാണികളെ കണ്ടെത്തി.
Adjust Story Font
16