എംപുരാൻ സിനിമയ്ക്ക് സെൻസർ ബോർഡ് നിർദേശിച്ചത് രണ്ട് കട്ട് മാത്രം; സംഘ്പരിവാർ വിവാദമാക്കുന്ന ഭാഗമില്ല
സ്ത്രീകൾക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈർഘ്യത്തിലും ദേശീയ പതാകയെ കുറിച്ചുള്ള പരാമർശത്തിലുമാണ് മാറ്റം ആവശ്യപ്പെട്ടത്.

തിരുവനന്തപുരം: എംപുരാൻ സിനിമയ്ക്ക് സെൻസർ ബോർഡ് നിർദേശിച്ചത് രണ്ട് കട്ട് മാത്രം. സെൻസർ രേഖയിലാണ് ഇക്കാര്യമുള്ളത്. സ്ത്രീകൾക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈർഘ്യത്തിലും ദേശീയ പതാകയെ കുറിച്ചുള്ള പരാമർശത്തിലുമാണ് മാറ്റം ആവശ്യപ്പെട്ടത്. ഇത് രണ്ടും ചേർന്നാൽ രണ്ട് മിനിറ്റിൽ താഴെ മാത്രമേ വരൂ.
മാർച്ച് ആറിനാണ് എംപുരാന്റെ സെൻസറിങ് നടന്നത്. ഇപ്പോൾ സംഘ്പരിവാർ ഉയർത്തിക്കൊണ്ടുവരുന്ന വിഷയങ്ങളൊന്നും ബോർഡിന്റെ പരിഗണനയിലേ ഉണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയം.
സ്വരൂപ കർത്ത, റോഷ്‌നി ദാസ് കെ, ജി.എം മഹേഷ്, മഞ്ജുഷൻ എം.എം എന്നിവരായിരുന്നു സെൻസർ ബോർഡിലുണ്ടായിരുന്നത്. കൂടാതെ, നദീം തുഫൈൽ എന്ന റീജ്യനൽ ഓഫീസറും സംഘത്തിലുണ്ടായിരുന്നു. സിനിമയിൽ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന ഭാഗങ്ങളാണ് സംഘ്പരിവാർ ഗ്രൂപ്പുകളെയും സോഷ്യൽമീഡിയ ഹാൻഡിലുകളെയും ചൊടിപ്പിച്ചിരിക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ വ്യാപക സൈബർ ആക്രമണമാണ് സംഘ്പരിവാർ പ്രൊഫൈലുകളിൽ നിന്നുണ്ടാവുന്നത്. ഇതുകൂടാതെ എംപുരാൻ സിനിമ ബഹിഷ്കരിക്കാനും ആഹ്വാനമുണ്ട്.
അതേസമയം, എംപുരാന്റെ സെൻസറിങ്ങിൽ ആർഎസ്എസ് നോമിനികൾക്ക് വീഴ്ച ഉണ്ടായെന്നാണ് ബിജെപി പറയുന്നത്. കോർ കമ്മിറ്റി യോഗത്തിലാണ് സെൻസറിങ്ങിനെതിരെ ബിജെപിയുടെ വിമർശനം. എംപുരാനെതിരായ പ്രചരണം ബിജെപി ഏറ്റെടുക്കേണ്ടതില്ലെന്ന് കോർ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു.
Adjust Story Font
16