ഷാരോണിനെ കൊല്ലാന്‍ ഗ്രീഷ്മ അഞ്ച് തവണ ശ്രമിച്ചു, കൊല നടത്തിയത് പത്ത് മാസത്തെ ആസൂത്രണത്തിനൊടുവില്‍; കേസില്‍ കുറ്റപത്രം തയ്യാറായി
ഗ്രീഷ്മയ്ക്ക് പുറമേ അമ്മ സിന്ധു,അമ്മാവൻ നിർമലകുമാരൻ എന്നിവർക്കും കുറ്റകൃത്യത്തിൽ തുല്യ പങ്കുണ്ട്. ഷാരോൺ ബന്ധത്തിൽ നിന്നും പിൻമാറാൻ തയ്യാറാകാത്തതിനാൽ ഗ്രീഷ്മയുണ്ടാക്കിയ നുണക്കഥയാണ് ജാതക ദോഷമെന്ന് കണ്ടെത്തലും കുറ്റപത്രത്തിലുണ്ട്
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ കുറ്റപത്രം തയ്യാറായി. ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയത് പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമാണെന്നാണ് പൊലീസ് കണ്ടെത്തൽ. ജ്യൂസ് ചലഞ്ച് തെരഞ്ഞെടുത്തത് ഗൂഗുൾ നോക്കിയാണെന്നും കുറ്റപത്രത്തിലുണ്ട്. ഡി.വൈ.എസ.പി എ.ജെ ജോൺസണിന്റെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കിയ കുറ്റപത്രം അടുത്ത ആഴ്ച കോടതിയിൽ സമർപ്പിക്കും.
ജ്യൂസ് ചലഞ്ച് നടത്തി ഷാരോണിനെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കിയ ശേഷം അഞ്ച് തവണ ഗ്രീഷ്മ വധശ്രമം നടത്തിയെന്നാണ് കുറ്റപത്രത്തിലെ പ്രധാന കണ്ടെത്തൽ. ഗ്രീഷ്മയ്ക്ക് പുറമേ അമ്മ സിന്ധു,അമ്മാവൻ നിർമലകുമാരൻ എന്നിവർക്കും കുറ്റകൃത്യത്തിൽ തുല്യ പങ്കുണ്ട്. ഷാരോൺ ബന്ധത്തിൽ നിന്നും പിൻമാറാൻ തയ്യാറാകാത്തതിനാൽ ഗ്രീഷ്മയുണ്ടാക്കിയ നുണക്കഥയാണ് ജാതക ദോഷമെന്ന് കണ്ടെത്തലും കുറ്റപത്രത്തിലുണ്ട്.
ഗ്രീഷ്മയുടേയും ഷാരോണിന്‍റെയും രണ്ട് വർഷത്തെ ചാറ്റുകളും ഡിലീറ്റ് ചെയ്ത ശബ്ദ സന്ദേശങ്ങളുമടക്കമുള്ള ആയിരത്തോളം ഡിജിറ്റൽ രേഖകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തി. ഒക്ടോബർ 14 ന് ഗ്രീഷ്മ നൽകിയ കഷായവും ജ്യൂസും കുടിച്ച ഷാരോൺ ഒക്ടോബർ 25 നാണ് മരിച്ചത്.
Adjust Story Font
16