'ബിജെപിയുടെ വോട്ട് കുറഞ്ഞതിൽ ഏറ്റവും സങ്കടം മുഖ്യമന്ത്രിക്ക്': വി.ഡി സതീശൻ
'ഇ. ശ്രീധരന് ലഭിച്ച വോട്ടിൻ്റെ ഒരു വലിയ ഭാഗമാണ് രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട് ലഭിച്ചത്'
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ബിജെപിയുടെ വോട്ട് കുറഞ്ഞതിൽ ഏറ്റവും സങ്കടം മുഖ്യമന്ത്രിക്കാണെന്ന് സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
'പാലക്കാട് 50000 ഉണ്ടായിരുന്ന സിപിഎമ്മിൻ്റെ വോട്ട് 39000 ആയി കുറഞ്ഞു. അപ്പോഴാണ് സിപിഎം വോട്ട് കൂടിയെന്ന് പറയുന്നത്. മുഖ്യമന്ത്രി അത് പറയുമെന്ന് വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന് പ്രസംഗം എഴുതിക്കൊടുക്കുന്ന ആരാണ് അദ്ദേഹത്തെക്കൊണ്ട് ഇത്ര പരിഹാസ്യമായ കാര്യങ്ങൾ പറയിപ്പിക്കുന്നത്. ബിജെപിയുടെ വോട്ടാണ് കുറഞ്ഞത്. അതിൽ ഏറ്റവും സങ്കടം മുഖ്യമന്ത്രി പിണറായി വിജയനാണ്.'- പ്രതിപക്ഷ നേതാവ് പറഞ്ഞു.
'വയനാട്ടിൽ സിപിഎമ്മിൻ്റെ വോട്ട് വലിയ തോതിൽ പിന്നോട്ടുപോയി. പാലക്കാട് 2021നേക്കാൾ 900 വോട്ടുകൂടിയെന്നാണ് സിപിഎം പറയുന്നത്. 2021ന് ശേഷം 15000 പുതിയ വോട്ടർമാർ പാലക്കാട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ സിപിഎമ്മിന് വിഹിതമില്ലേ? എന്നിട്ട് പറയുകയാണ് എസ്ഡിപിഐയുടെ സഹായത്തോടെയാണ് യുഡിഎഫ് വിജയിച്ചതെന്ന്.
ഇ. ശ്രീധരന് ലഭിച്ച വോട്ടിൻ്റെ ഒരു വലിയ ഭാഗമാണ് രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട് ലഭിച്ചത്. അത് എസ്ഡിപിഐയുടെയും വെൽഫെയർ പാർട്ടിയുടെയും വോട്ടാണോ? ഭരണവിരുദ്ധവികാരമില്ലെന്ന് സിപിഎം വിചാരിക്കുന്നുണ്ടെങ്കിൽ അങ്ങനെ ആയിക്കോട്ടെ.'- അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16