''മുഖ്യമന്ത്രിക്ക് ഭീകരവാദികളുടെ ഭീഷണി ഉണ്ട്...''- ഇ.പി ജയരാജന്‍
താൻ ആരാണെന്ന് ഇൻഡിഗോ കമ്പനിക്ക് അറിയില്ലെന്നും നടന്ന് പോയാലും ഇനിയവരുടെ വിമാനത്തിൽ കയറില്ലെന്നും ജയരാജൻ പറഞ്ഞു
മുഖ്യമന്ത്രിക്ക് ഭീകരവാദികളുടെ ഭീഷണി ഉണ്ടെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഇന്‍ഡിഗോ ഏവിയേഷന്‍ ജയരാജന് മൂന്നാഴ്ചത്തെ യാത്രവിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍.
വിമാന കമ്പനി ഇന്‍ഡിഗോക്കെതിരെ രൂക്ഷമായ ഭാഷയിലാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പ്രതികരിച്ചത്. ഇന്‍ഡിഗോ വൃത്തികെട്ട കമ്പനിയാണെന്നും അവരുടെ ഫ്ലൈറ്റ് സര്‍വീസ് ബഹിഷ്കരിക്കുന്നുവെന്നും ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചവരെ കയ്യേറ്റം ചെയ്ത ഇ.പി ജയരാജന് ഇൻഡിഗോ എയർലെൻസ് മൂന്നാഴ്ചച്ചത്തെ യാത്രാ വിലക്ക് പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാർക്ക് രണ്ടാഴ്ചത്തെ വിലക്കും വിമാനക്കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ജയരാജന്‍റെ പ്രതികരണം.
''ഇന്‍ഡിഗോ ഏവിയേഷൻ നിയമവിരുദ്ധമായ നടപടിയാണ് എടുത്തത്. ക്രിമിനലുകളെ തടയാൻ ഒരു നടപടിയും വിമാനകമ്പനിയുടെ ഭാഗത്ത് നിന്നുമുണ്ടായില്ല. മുഖ്യമന്ത്രിക്ക് ഭീകരവാദികളുടെ ഭീഷണി ഉണ്ട്. ഈ മാസം ഒൻപതിന് ഇന്‍ഡിഗോ കമ്പനിയിൽ നിന്ന് ഡിസ്കഷന് വേണ്ടി ഒരു കത്ത് ലഭിച്ചിരുന്നു.12 ന് വിശദീകരണം നല്‍കാനും പറഞ്ഞിരുന്നു. എന്നാല്‍ മറുപടി നേരിട്ട് നൽകാൻ ബുദ്ധിമുട്ടുണ്ടെന്നും അഭിഭാഷകയെ നിയോഗിച്ചെന്നും അവരെ അറിയിച്ചിരുന്നു.
അതിന് ശേഷം ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഇനി യാത്ര ചെയ്യില്ല. നിലവാരമില്ലാത്ത കമ്പനിയാണത്. ഇന്നത്തെ ടിക്കറ്റ് അടക്കം റദ്ദാക്കി. ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തിലെങ്കിൽ തനിക്ക് ഒന്നും സംഭവിക്കില്ല. അക്രമികളെ സംരക്ഷിക്കുന്ന നിലപാട്. ശരിക്കും എനിക്ക് അവാർഡ് നൽകേണതാണ്. അവർക്ക് ഉണ്ടാകേണ്ട ചീത്തപ്പേര് തടഞ്ഞത് ഞാനാണ്.
താൻ ആരാണെന്ന് പോലും അവർക്കറിയില്ല എന്നാണ് തോന്നുന്നത്. നടന്ന് പോയാലും ഇനിയവരുടെ വിമാനത്തിൽ കയറില്ല.കൂട്ടുകച്ചവടത്തിന്റെ ലക്ഷണങ്ങളാണ് ഇതെല്ലാം...'' ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു
Adjust Story Font
16