Quantcast

കണ്ണൂരിൽ സി.ഐ.ടി.യു ഭീഷണിയെ തുടർന്ന് കട അടച്ചുപൂട്ടിയത് ഒറ്റപ്പെട്ട സംഭവമെന്ന് എ. വിജയരാഘവൻ

കേരളത്തിന്റേത് വ്യവസായ സൗഹൃദ സമീപനമാണെന്നും എ. വിജയരാഘവൻ

MediaOne Logo

Web Desk

  • Updated:

    2022-02-14 09:28:35.0

Published:

14 Feb 2022 9:26 AM GMT

കണ്ണൂരിൽ സി.ഐ.ടി.യു ഭീഷണിയെ തുടർന്ന് കട അടച്ചുപൂട്ടിയത് ഒറ്റപ്പെട്ട സംഭവമെന്ന് എ. വിജയരാഘവൻ
X

കണ്ണൂർ മാതമംഗലത്ത് സിഐടിയു ഭീഷണിയി തുടർന്ന് കട അടച്ചു പൂട്ടിയ സംഭവത്തിൽ വിശദീകരണവുമായി സിപിഎം നേതാവ് എ. വിജയരാഘവൻ. മാതമംഗലത്ത് നടന്നത് ഒറ്റപ്പെട്ട സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റേത് വ്യവസായ സൗഹൃദ സമീപനമാണെന്നും അതിന് തകരാർ വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റുകണ്ടാൽ തള്ളി പറയുന്നതാണ് സിപിഎം നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് മാതമംഗലത്ത് പ്രവർത്തിച്ചിരുന്ന എസ്.ആർ.അസോസിയേറ്റ് എന്ന സ്ഥാപനം സിഐടിയു ഭീഷണിയെ തുടർന്ന് കടയുടമ അടച്ചുപൂട്ടിയത്. റബീഹ് മുഹമ്മദ് കുട്ടിയുടെ ഉടമസ്ഥയിലിലുള്ള കടയാണ് അടച്ചു പൂട്ടിയത്. കടയിൽ സാധനം വാങ്ങാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകനെ അക്രമിച്ച സംഭവത്തിനു പിന്നാലെ തനിക്കും നിരന്തരം ഭീഷണിയുണ്ടായെന്നാണ് കടയുടമ വ്യക്തമാക്കിയത്.

കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാനെത്തിയവരെ ട്രേഡ് യൂണിയൻ പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് കടയുടമ ആരോപിച്ചു. കഴിഞ്ഞ രണ്ട് മാസമായി തനിക്കെതിരെ സിഐടിയു പ്രവർത്തകർ സമരം നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം തൊഴിലാളികളെ കൊണ്ട് കടയിൽ സാധനങ്ങൾ കയറ്റാനും ഇറക്കാനും ഹൈക്കോടതിയിൽ നിന്നും അനുമതി തേടിയിരുന്നു. ഇതിനു ശേഷം കടയുടെ മുന്നിൽ താത്കാലിക ഷെഡ് കെട്ടിയ സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നതിനാൽ ആരും കടയിലേക്ക് വരുന്നില്ലെന്നും അതിനാൽ കട അടച്ചിടുകയല്ലാതെ വേറെ മാർഗമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംഭവത്തിൽ രാഷ്ട്രീയ വിമർശനവുമായി പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിന് പുറത്തും ഗൾഫ് നാടുകളിലും ചെന്ന് കേരളം നിക്ഷേപസൗഹൃദസംസ്ഥാനമാണെന്ന് പറഞ്ഞ് സംരംഭകരെ ക്ഷണിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം സ്വന്തം ജില്ലയിലെ സംരംഭകർക്കെങ്കിലും സുരക്ഷിതത്വം നൽകണമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു. സാധനം വാങ്ങാനെത്തുന്നവരെ സമരത്തിന്റെ പേരിൽ സി.ഐ.ടി.യു. പ്രവർത്തകർ ഭീഷണിപ്പെടുത്തിയും അക്രമിച്ചും തിരിച്ചയക്കുന്ന സാഹചര്യത്തിലാണ് എഴുപത് ലക്ഷം മുതൽമുടക്കി തുടങ്ങിയ സ്ഥാപനത്തിന് മാസങ്ങൾക്കകം പൂട്ടിപ്പോകേണ്ട സ്ഥിതി വന്നത് എന്നും അദ്ദേഹം ആരോപിച്ചു.

TAGS :

Next Story