"ഏത് അട്ടിമറിയുണ്ടായാലും സത്യം ജയിക്കും, കുറ്റവാളിക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കും": സെയ്‌ഫുദ്ദീൻ ഹാജി
"ജനങ്ങളുടെ വികാരവും കെഎം ബഷീറിന്റെ കുടുംബത്തിന്റെ അവസ്ഥയും പരിഗണിച്ചുള്ള സർക്കാർ നടപടി സ്വാഗതം ചെയ്യുന്നു"
കോഴിക്കോട്: ശ്രീറാം വെങ്കിട്ടറാമിനെതിരായ ഹൈക്കോടതി വിധി സ്വാഗതം ചെയ്‌ത് സിറാജ് പ്രതിനിധി സെയ്‌ഫുദ്ദീൻ ഹാജി. ആശ്വാസകരമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്, നിയമസംവിധാനത്തിലുള്ള വിശ്വാസം വർധിച്ചിരിക്കുകയാണെന്നും സെയ്‌ഫുദ്ദീൻ ഹാജി പറഞ്ഞു.
"ഏത് അട്ടിമറിയുണ്ടെങ്കിലും സത്യം ജയിക്കുമെന്നതിന്റെ പ്രകടമായ തെളിവാണിത്. അപ്പീലിന് പോയി ശക്തമായി വാദം നടത്തിയ സർക്കാർ നടപടിയിലും സംതൃപ്‌തിയുണ്ട്. ജനങ്ങളുടെ വികാരവും കെഎം ബഷീറിന്റെ കുടുംബത്തിന്റെ അവസ്ഥയും പരിഗണിച്ചുള്ള സർക്കാർ നടപടി സ്വാഗതം ചെയ്യുന്നു. കുറ്റവാളിക്ക് കടുത്തശിക്ഷ ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ആദ്യത്തെ അട്ടിമറി നീക്കത്തിനെതിരെ കേരള സമൂഹം അതീവ ജാഗ്രത പുലർത്തിയിരുന്നു. സർക്കാരും ഇതിനൊപ്പം നിന്നു എന്നത് ആശ്വാസകരമാണ്.
സ്വന്തം വ്യക്തിത്വം നശിപ്പിച്ചുകൊണ്ട് താനല്ല വാഹനം ഓടിച്ചതെന്ന് പറയാനും നിരന്തരമായി അയാളുടെ അറിവും സ്വാധീനവും ഉപയോഗപ്പെടുത്തിക്കൊണ്ട് കേസിന്റെ തെളിവുകൾ നിരന്തരം നശിപ്പിക്കാനും, ഒരു കള്ളനെ പോലെ സർക്കാർ ആശുപത്രിയിൽ നിന്ന് ഇരുളിന്റെ മറവിൽ ഒളിച്ചുകടന്നു പോലും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. രക്തപരിശോധന പോലും നിരസിച്ചു കൊണ്ട് മദ്യപിച്ച് വാഹനമോടിച്ചു എന്ന വസ്തുത മറച്ചുവെക്കാൻ ശ്രമിച്ചയാളാണ്.
കേസ് നീട്ടിക്കൊണ്ട് പോകാൻ ഒരുപാട് അടവുകൾ പ്രയോഗിച്ചു. വിചാരണക്കോടതിയിൽ നിന്ന് അയാൾക്ക് അനുകൂലമായി വിധിയുണ്ടാകുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. ഇതെല്ലാം ഇപ്പോൾ മാറിമറിഞ്ഞിരിക്കുകയാണ്. സത്യം ജയിക്കും, കുറ്റവാളിക്ക് ശിക്ഷ ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. ഇക്കാര്യത്തിൽ നിതാന്ത ജാഗ്രത പുലർത്തിയതിന് മീഡിയവൺ അടക്കമുള്ള മാധ്യമങ്ങൾക്ക് നന്ദി പറയുന്നു"; സെയ്‌ഫുദ്ദീൻ ഹാജി പറഞ്ഞു.
ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം നിലനിൽക്കുമെന്നാണ് ഹൈക്കോടതി വിധി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. തിരുവനന്തപുരം സെഷൻസ് കോടതിക്കെതിരായ സർക്കാരിന്റെ റിവിഷൻ ഹരജി ഹൈക്കോടതി അംഗീകരിച്ചിരുന്നു. നരഹത്യ കുറ്റം നിലനിൽക്കില്ല എന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ ഹരജിയിലെ വാദം. ഇത് കോടതി തള്ളുകയായിരുന്നു.
Adjust Story Font
16