ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു; സമരം അവസാനിപ്പിച്ച് മില്ലുടമകൾ
നാളെ മുതൽ നെല്ല് സംഭരണം പുനരാരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മില്ലുടമകൾ നടത്തി വന്ന സമരം അവസാനിപ്പിച്ചു. നാളെ മുതൽ നെല്ല് സംഭരണം പുനരാരംഭിക്കും.ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം .
ആറിന ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മില്ല് ഉടമകൾ നെല്ല് സംഭരണം താത്കാലികമായി നിർത്തി വെച്ചത്. മില്ലുകൾ സർക്കാരിലേക്ക് നൽകേണ്ട അരിയുടെ അളവ് സംബന്ധിച്ച തർക്കമായിരുന്നു പ്രധാന കാരണം. കേരളത്തിലെ കർഷകരിൽ നിന്ന് സംഭരിക്കുന്ന നെല്ലിന് ജലാംശം കൂടുതൽ ആയതിനാൽ 100 കിലോയ്ക്ക് 68 കിലോ അരിയെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കരുതെന്നായിരുന്നു മില്ല് ഉടമകളുടെ ആവശ്യം.
സംഭരിക്കുന്ന നെല്ലിന് ധനസഹായം വർദ്ധിപ്പിക്കാമെന്ന ഉറപ്പ് സർക്കാർ മില്ലുടമകൾക്ക് നൽകി. ഒപ്പം പ്രളയത്തിൽ ഉണ്ടായ നഷ്ടം നികത്തുന്നതിൽ ഒരു മാസത്തിനുളളിൽ തീരുമാനമെടുക്കുമെന്നും മന്ത്രി ഉറപ്പ് നൽകി
മില്ലുടമകളും സർക്കാരും തമ്മിൽ ധാരണയാകാത്തതിനാൽ രണ്ടാഴ്ചയായി കൊയ്തിട്ട നെല്ല് പാടശേഖരങ്ങളിൽ കിടക്കുകയായിരുന്നു. മന്ത്രിമാരെ വഴി തടയുന്നത് ഉൾപ്പടെയുള്ള സമരപരിപാടികളുമായി കർഷകർ മുന്നോട്ട് പോകാനിരിക്കെയാണ് ചർച്ചയിൽ തീരുമാനമായത്.
Adjust Story Font
16