Quantcast

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതി വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

ഭൂമിയുടെ ന്യായവിലയും കെട്ടിട നികുതിയും ബജറ്റിലൂടെ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം

MediaOne Logo

Web Desk

  • Published:

    20 Jan 2023 1:23 AM GMT

Financial Crisis
X

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വിവിധ സേവന നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള ആലോചനയില്‍ സര്‍ക്കാര്‍. ഭൂമിയുടെ ന്യായവിലയും കെട്ടിട നികുതിയും ബജറ്റിലൂടെ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. പ്രൊഫഷണൽ ടാക്സ് വര്‍ധിപ്പിക്കണമെന്ന ആഗ്രഹം ഉണ്ടെങ്കിലും കേന്ദ്രത്തിന് അനുമതി കിട്ടിയാലേ സാധ്യമാകൂ.

സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്ന് പോകുന്നത്. വായ്പ എടുക്കാനുള്ള പരിധി കേന്ദ്രം കൂട്ടാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.ശമ്പളം കൊടുക്കാന്‍ പോലും നെട്ടോട്ടമോടുന്ന അവസ്ഥ. അടുത്ത മാസം ആദ്യം ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലിന് മുന്നില്‍ പ്രതിസന്ധികള്‍ ഏറെയാണ്. സാമ്പത്തിക പ്രതിസന്ധിക്ക് തത്കാലത്തേക്ക് എങ്കിലും പരിഹാരം കണ്ടെത്താന്‍ വിവിധ സേവന നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചന. വില്ലേജ്,താലൂക്ക് തദ്ദേശ സ്ഥാപനങ്ങളിലെ വിവിധി സേവന സര്‍ട്ടിഫിക്കറ്റ് നിരക്കുകള്‍, കെട്ടിട നികുതി, സ്റ്റാമ്പ് ഡ്യൂട്ടി...തുടങ്ങിയവയിലെല്ലാം വര്‍ധനവ് വന്നേക്കും.ഭൂമിയുടെ ന്യായവില പരിഷ്കരിക്കാനുള്ള ആലോചന സജീവമാണ്. ഭൂമിയുടെ വിപണി വിലയിലുള്ള വര്‍ധനവിന്‍റെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന്‍ ഫീസിനത്തില്‍ വര്‍ധനവ് വരുത്താനാണ് നീക്കം. ഇതിനനകൂലമായി ന്യായവില പരിഷ്കരണ സമിതി കഴിഞ്ഞ സെപ്റ്റംബറില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.

പ്രൊഫഷണല്‍ ടാക്സ് വര്‍ധിപ്പിക്കുമെന്ന സൂചന ധനമന്ത്രി നല്‍കിയിട്ടുണ്ടെങ്കിലും പിരിച്ചെടുക്കേണ്ട തുക ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നത് കൊണ്ട് കേന്ദ്രത്തിന്‍റെ ഭേദഗതി വേണ്ടി വരും. ഇതിനായി കേന്ദ്രത്തെ സമീപിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നികുതി പിരിവ് കാര്യക്ഷമമാക്കുകയാണ് മറ്റൊരു വരുമാന മേഖല. നികുതി പിരിച്ചെടുക്കാനുള്ള പദ്ധതികള്‍ വിവിധ ഘട്ടങ്ങളില്‍ നടത്തിയെങ്കിലും കാര്യമായ ഫലം കണ്ടിരുന്നില്ല.നികുതി പിരിവ് സംവിധാനം കര്‍ശനമായി നടപ്പാക്കി വരുമാനം കൂട്ടാമെന്നാണ് കെ.എന്‍ ബാലഗോപാലിന്‍റെ പ്രതീക്ഷ.

തെരഞ്ഞെടുപ്പുകള്‍ ഒന്നും ഇക്കൊല്ലം വരാനില്ലാത്തത് കൊണ്ട് ജനങ്ങള്‍ അധികഭാരം വരുന്ന വര്‍ധനവ് വിവിധ മേഖലകളിലുണ്ടാകും. വീട് നിര്‍മ്മാണത്തിനടക്കം ചെലവ് വര്‍ധിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകാനാണ് സാധ്യത. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായി വരിഞ്ഞു മുറുക്കുന്നത് കൊണ്ട് വര്‍ധനവില്ലാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ പക്ഷം.

TAGS :

Next Story