സിൽവർ ലൈനിൽ സർക്കാരിനെ വെട്ടിലാക്കിയത് റെയിൽവെ; സ്റ്റാൻഡേഡ് ഗേജിനെ തുടക്കത്തിൽ എതിർത്തിട്ടില്ലെന്നതിന് തെളിവ്
2019 ഡിസംബർ 10 ലെ യോഗ മിനുട്സ് മീഡിയവണിന് ലഭിച്ചു

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ ആദ്യ ഘട്ടത്തിലെ ധാരണകളിൽ നിന്ന് റെയിൽവേ പിന്നോട്ട് പോയതാണ് സംസ്ഥാന സർക്കാരിനെ വെട്ടിലാക്കിയത്. സ്റ്റാൻഡേഡ് ഗേജിൽ പാത നിർമിക്കുകയെന്ന നിർദേശത്തെ തുടക്കത്തിൽ റെയിൽവേ ബോർഡും എതിർത്തിട്ടില്ലെന്ന് മിനുട്സ് വ്യക്തമാക്കുന്നു. 2019 ഡിസംബർ 10 ലെ യോഗ മിനുട്സ് മീഡിയവണിന് ലഭിച്ചു.
സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ അംഗീകരിക്കാത്തതിന് റെയിൽവേ പറയുന്ന പ്രധാനപ്പെട്ട കാരണം സ്റ്റാൻഡേഡ് ഗേജിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് എന്നാണ് . ഇതിനു പകരം ബ്രോഡ്ഗേജ് വേണമെന്നാണ് റെയിൽവേയുടെ ഇപ്പോഴത്തെ നിലപാട്. എന്നാൽ പദ്ധതിയുടെ തുടക്കത്തിൽ ഈ നിലപാട് റെയിൽവേയ്ക്ക് ഉണ്ടായിരുന്നില്ല. 2019 ഡിസംബർ പത്തിനാണ് പദ്ധതി സംസ്ഥാനം റെയിൽവേ ബോർഡിനു മുമ്പിൽ അവതരിപ്പിക്കുന്നത്. ഇതിൽ തന്നെ സ്റ്റാൻഡേഡ് ഗേജിലാണ് പദ്ധതിയെന്ന് വിശദീകരിക്കുന്നുണ്ട്. ഈ യോഗത്തിന്‍റെ മിനിട്ട്സിൻ്റെ ആദ്യ ഭാഗത്ത് തന്നെ സ്റ്റാൻഡേർഡ് ഗേജുമായി മുന്നോട്ടു പോകാൻ തത്വത്തിൽ ധാരണയായി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
മാത്രമല്ല സ്റ്റാൻഡേർഡ് ഗേജ് എന്ന് തീരുമാനിക്കപ്പെട്ടത് റെയിൽവേയും സംസ്ഥാന സർക്കാരും തമ്മിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ആണെന്ന് സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആറിന്‍റെ എക്സിക്യൂട്ടീവ് സമ്മറിയിലും കാണാം. ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് സ്റ്റാൻഡേർഡ് ഗേജ് എന്ന നിർദ്ദേശത്തെ ആദ്യഘട്ടത്തിൽ റെയിൽവേ ബോർഡ് എതിർത്തിരുന്നില്ലെന്ന് കൂടിയാണ്. ബ്രോഡ്ഗേജിൽ മാത്രമേ പദ്ധതി യാഥാർത്ഥ്യമാകൂ എന്ന് റെയിൽവേ വാശി പിടിച്ചാൽ സംസ്ഥാന സർക്കാർ കൂടുതൽ പ്രതിസന്ധിയിൽ ആവും. ബ്രോഡ്ഗേജിൽ വിദേശ വായ്പ ലഭ്യമാവാൻ ഉള്ള സാധ്യത കുറയും. റെയിൽവേ നിർദേശങ്ങൾ അംഗീകരിക്കപ്പെട്ടാൽ ഇത് മറ്റൊരു റെയിൽവേ പാത മാത്രമായിരിക്കും.അതിനുവേണ്ടി സംസ്ഥാന സർക്കാർ പണം മുടക്കണമോ എന്ന ചോദ്യവും സർക്കാരിനെ വെട്ടിലാക്കുന്നുണ്ട്.
Adjust Story Font
16