ഒമ്പത് വി.സിമാർ നാളെ രാജിവെക്കണം: ഗവർണർ
നാളെ രാവിലെ 11.30ന് മുമ്പ് രാജിവെക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ തന്നെ അസാധാരണമായ നീക്കവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വി.സിമാരോട് ഗവർണർ രാജിയാവശ്യപ്പെട്ടു. നാളെ രാവിലെ 11.30ന് മുമ്പ് ഒമ്പത് വി.സിമാരും രാജിവെക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല വി.സിമാരോട് രാജിയാവശ്യപ്പെട്ടിരിക്കുന്നത്.
നിയമനം ചട്ടപ്രകരാമല്ലെന്ന് ചൂണ്ടിക്കാട്ടി എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വി.സി നിയമനം രണ്ടു ദിവസം മുമ്പ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. വി.സി നിയമനത്തിന് ഒരു പേര് മാത്രമാണ് സെർച്ച് കമ്മിറ്റിക്ക് മുന്നിൽ വെച്ചതെന്നും ഇത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനം കോടതി റദ്ദാക്കിയത്. ഈ വിധി ആയുധമാക്കിയാണ് ഗവർണർ ഇപ്പോൾ ഒമ്പത് സവർവകലാശാല വി.സിമാരോടും രാജിയാവശ്യപ്പെട്ടിരിക്കുന്നത്.
ഗവർണർക്കെതിരെ തുറന്ന പോരാട്ടത്തിന് ഇന്നു ചേർന്ന എൽഡിഎഫ് യോഗം തീരുമാനിച്ചിരുന്നു. രാജ്ഭവൻ ധർണ അടക്കമുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും എൽഡിഎഫ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതവും അസാധാരണവുമായ കടുത്ത നീക്കവുമായി ഗവർണർ രംഗത്ത് വന്നിരിക്കുന്നത്. അതേസമയം ഗവർണർക്ക് കീഴടങ്ങില്ലെന്നും നിയമപരമായി നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.
Adjust Story Font
16