മീഡിയവൺ സംപ്രേഷണ വിലക്ക് നടപ്പാക്കുന്നത് തടഞ്ഞ ഇടക്കാല ഉത്തരവ് ഹൈക്കോടതി തിങ്കളാഴ്ച വരെ നീട്ടി
ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കലുളള രേഖകൾ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു
മീഡിയവണിന്‍റെ സംപ്രേഷണാനുമതി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി സ്റ്റേ ചെയ്ത ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിങ്കളാഴ്ച വരെ നീട്ടി. ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കലുളള രേഖകൾ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഹരജി തിങ്കളാഴ്ച പരിഗണിക്കും.
മീഡിയവണുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് അടക്കം പുറപ്പെടുവിച്ച ഉത്തരവുകളും രേഖകളും പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് എന്‍ നഗരേഷ് വ്യക്തമാക്കി. തുടര്‍ന്ന് കൂടുതൽ രേഖകൾ ഹാജരാക്കാൻ കേന്ദ്ര സർക്കാർ തിങ്കളാഴ്ച വരെ സമയം തേടി. അതുവരെ ചാനൽ അനുമതി റദ്ദാക്കിയത് മരവിപ്പിച്ച നടപടി നിലനിൽക്കുമെന്ന് കോടതി ഉത്തരവിട്ടു. 10 വർഷത്തേക്ക് ചാനലിന് അനുമതി നൽകിയിരുന്നെങ്കിലും തുടർഅനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വാദിച്ചു. നടപടിക്രമങ്ങളുടെ ഭാഗമായി ആഭ്യന്തര വകുപ്പിൽനിന്ന് അനുമതി തേടിയെങ്കിലും സുരക്ഷാ കാരണങ്ങളാൽ നിഷേധിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മീഡിയവണ്‍ അതിന് മറുപടി നല്‍കി. സുരക്ഷാ കാരണങ്ങൾ എന്താണെന്ന് കോടതിയിൽ പരസ്യമായി വെളിപ്പെടുത്താനാകില്ലെന്നും കോടതിക്ക് മുദ്രവെച്ച കവറിൽ നൽകുന്ന രേഖകൾ പരിശോധിക്കാമെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ എ.എസ്.ജി അറിയിച്ചു.
എന്നാല്‍ കേന്ദ്രാനുമതിയോടെ പ്രവർത്തിക്കുന്ന ചാനലിന് അനുമതി പുതുക്കേണ്ട സമയത്ത് തുടക്കം മുതലുള്ള നടപടിക്രമങ്ങൾ ആവശ്യമില്ലെന്ന് മീഡിയവണിന് വേണ്ടി ഹാജരായ അഡ്വ. എസ് ശ്രീകുമാര്‍ വാദിച്ചു. അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ചട്ടങ്ങളും ലംഘിക്കപ്പെട്ടാല്‍ അല്ലാതെ അനുമതി റദ്ദാക്കാനോ പുതുക്കി നൽകാതിരിക്കാനോ സാധ്യമല്ല. അത്തരം ആരോപണങ്ങളോ പരാതികളോ ചാനലിനെതിരെ നേരത്തെ ഉണ്ടായിട്ടില്ല. മീഡിയവണിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ല. നടപടി നിയമവിരുദ്ധമാണ്. മാധ്യമസ്വാതന്ത്ര്യത്തെ മാത്രമല്ല മൗലികാവകാശം കൂടിയാണ് കേന്ദ്ര സർക്കാർ ലംഘിക്കുന്നതെന്നും അഭിഭാഷകന്‍ അറിയിച്ചു.
Adjust Story Font
16