വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി
'ട്രെയിനുകളുടെ സ്റ്റോപ്പ് തീരുമാനിക്കാനുള്ള അധികാരം റെയിൽവേക്കാണ്. അതില്‍ കോടതിക്ക് ഇടപെടാനാകില്ല'
കൊച്ചി: വന്ദേ ഭാരത് എക്‌സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ട്രെയിനുകൾക്ക് എവിടെയൊക്കെ സ്റ്റോപ്പ് വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം റെയിൽവേക്കാണെന്നും ഇതിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യന്റേതാണ് ഉത്തരവ്.
വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പില്ലാത്തതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നുവരുന്നത്. ഇത് ഒരു തരത്തിലും നീതികരിക്കാനാവില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രതികരിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തെ പ്രധാന സ്റ്റേഷനായ തിരൂരിനോടുള്ള ഈ അവഗണക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം മലപ്പുറം തിരുന്നാവായയിൽ വന്ദേഭാരത് ട്രെയിനിനെതിരെ കല്ലേറുണ്ടായതും വലിയ വാർത്തയായിരുന്നു. കാസർകോട് - തിരുവനന്തപുരം സർവീസിനിടെ തിരൂർ സ്റ്റേഷൻ വിട്ടതിന് ശേഷമാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ട്രെയിൻ തിരൂർ സ്റ്റേഷൻ പിന്നിട്ടത്.
ആർ.പി.എഫും പൊലീസും അന്വേഷണം ആരംഭിച്ചു. ആർ.പി.എഫ് കേസ് രജിസ്റ്റർ ചെയ്തുവെന്നും ലോക്കൽ പൊലീസിന് വിവരം കൈമാറിയെന്നും റെയിൽവെ അറിയിച്ചു. ഷൊർണൂരിൽ പ്രാഥമിക പരിശോധന നടത്തി. ഗ്ലാസിൽ ചെറിയ പാടുണ്ട് എന്നല്ലാതെ ഒന്നും പറ്റിയിട്ടില്ലെന്നും റെയിൽവേ അറിയിച്ചു. വന്ദേഭാരതിന് സുരക്ഷ കൂട്ടുമെന്നും അറിയിപ്പുണ്ട്. ഏപ്രിൽ 25 നായിരുന്നു വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തത്.
തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് വന്ദേഭാരത് ആദ്യ യാത്ര തുടങ്ങിയത്. എക്കോണമി കോച്ചിൽ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് ഭക്ഷണം സഹിതം നിരക്ക് 1400. എക്‌സിക്യൂട്ടീവ് കോച്ചിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഭക്ഷണമടക്കം നിരക്ക് 2400 രൂപയാണ്. ട്രെയിനിൽ 78 സീറ്റ് വീതമുള്ള 12 എക്കോണമി കോച്ചുണ്ടാവും. 54 സീറ്റുകളുള്ള 2 എക്‌സിക്യൂട്ടീവ് കോച്ചാണുണ്ടാവുക. മുന്നിലും പിന്നിലും ആയി 44 സീറ്റു വീതുള്ള രണ്ടു കോച്ചുകൾ വേറെയുമുണ്ടാകും.
Adjust Story Font
16