മനുഷ്യത്വം എന്നത് കടയിൽ വാങ്ങാൻ കിട്ടുന്ന ഒന്നല്ല, കണ്ണൂരിലെ സംഭവം ഞെട്ടൽ ഉണ്ടാക്കി; മന്ത്രി വി.ശിവന്‍കുട്ടി
സംഭവം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജും പ്രതികരിച്ചു
തിരുവനന്തപുരം: കണ്ണൂരില്‍ കാറില്‍ ചാരിനിന്നതിന് ആറു വയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വി.ശിവന്‍കുട്ടി. മനുഷ്യത്വം എന്നത് കടയിൽ വാങ്ങാൻ കിട്ടുന്ന ഒന്നല്ലെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സംഭവം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജും പ്രതികരിച്ചു.
''മനുഷ്യത്വം എന്നത് കടയിൽ വാങ്ങാൻ കിട്ടുന്ന ഒന്നല്ല. കണ്ണൂരിലെ സംഭവം ഞെട്ടൽ ഉണ്ടാക്കി. കാറിൽ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടിത്തെറിപ്പിക്കുന്നത് എന്തൊരു ക്രൂരതയാണ്. നിയമപരമായ എല്ലാ നടപടിയും ഉണ്ടാകും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുതെന്നും'' മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു.
വീണ ജോര്‍ജിന്‍റെ കുറിപ്പ്
കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്. അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ്. കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നല്‍കും. രാജസ്ഥാന്‍ സ്വദേശിയായ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആവശ്യമായ ചികിത്സ ഉറപ്പാക്കും. ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നില്‍ക്കുന്ന കുഞ്ഞിനെയാണ് പുറത്ത് വന്ന സിസി ടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഉപജീവനത്തിന് മാര്‍ഗം തേടിയെത്തിയതാണ് ആ കുടുംബം. സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കും.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. കാറില്‍ ചാരിനിന്നതിന് പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദ് കുട്ടിയെ ചവിട്ടി തെറിപ്പിക്കുകയായിരുന്നു. രണ്ടു വര്‍ഷത്തോളമായി കണ്ണൂരില്‍ താമസമാക്കിയ രാജസ്ഥാനി കുടുംബത്തിലെ ഗണേഷിനാണ് പരിക്കേറ്റത്. കുട്ടിയുടെ നടുവിന് സാരമായി പരിക്കേറ്റിട്ടുണ്ട്. പ്രതിയെ വാഹനമടക്കം രാവിലെ കസ്റ്റഡിയിലെടുത്തു.
Adjust Story Font
16