ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; നാല് പ്രതികളെയും തിരിച്ചറിഞ്ഞു
സംഘത്തിന്റെ കാർ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു
വയനാട്: ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവം; കേസിലെ നാല് പ്രതികളെയും തിരിച്ചറിഞ്ഞു. കണിയാമ്പറ്റ പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് അർഷിദ്, അഭിരാം, പനമരം സ്വദേശികളായ വിഷ്ണു, നബീൽ കമർ എന്നിവരാണ് പ്രതികൾ. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
സംഘത്തിന്റെ കാർ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കണിയാമ്പറ്റയിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്. കൂടൽകടവ് ചെമ്മാട് നഗറിലെ മാതനോടാണ് ക്രൂരത കാട്ടിയത്. സംഭവത്തിൽ അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ മാതൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അരകിലോമീറ്ററോളമാണ് മാതനെ റോഡിലൂടെ വലിച്ചിഴച്ചത്.
ചെക്ക് ഡാം കാണാനെത്തിയ വിനോദ സഞ്ചാരികൾ സംഘർഷത്തിലേർപ്പെട്ടത് തടയാൻ ചെന്നതായിരുന്നു മാതൻ. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകി. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്.കാറിന്റെ ഡോറിനോട് കൈ ചേർത്ത് പിടിച്ച് മാതനെ, മാനന്തവാടി- പുൽപ്പള്ളി റോഡിലൂടെ അര കിലോമീറ്ററോളം ദൂരം വലിച്ചിഴക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ടതോടെ കാറിലുള്ളവർ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ മാനന്തവാടി പൊലീസ് വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്
Adjust Story Font
16