കസ്റ്റഡിയില്‍ മരിച്ച മത്തായിയുടെ കുടുംബത്തിനായി നിയമ നടപടിക്കൊരുങ്ങി കേരള ഇന്‍ഡിപെന്‍ഡന്‍റ് ഫാര്‍മേഴ്സ് അസോസിയേഷന്‍
കസ്റ്റഡി മരണം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും കുടുംബത്തിന് യാതൊരു സര്‍ക്കാര്‍ സഹായവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് നടപടി
പത്തനംതിട്ട ചിറ്റാറില്‍ വനം വകുപ്പ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട മത്തായിയുടെ കുടുംബത്തിനായി നിയമ നടപടിക്കൊരുങ്ങി കേരള ഇന്‍ഡിപെന്‍ഡന്‍റ് ഫാര്‍മേഴ്സ് അസോസിയേഷന്‍ . കസ്റ്റഡി മരണം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും കുടുംബത്തിന് യാതൊരു സര്‍ക്കാര്‍ സഹായവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ നിയമ നടപടികളിലേക്ക് തള്ളി വിടാതെ കുടുംബത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് കിഫയുടെ ആവശ്യം.
ജൂലൈ 28നാണ് വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മത്തായി കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായത്. കസ്റ്റഡി മരണ കേസുകളില്‍ ബന്ധുക്കള്‍ക്ക് ലഭിക്കേണ്ട നീതി നാളിതു വരെ മത്തായിയുടെ കുടുംബത്തിന് ലഭിച്ചിട്ടില്ല. അമ്മയും ഭാര്യയും സഹോദരിയും അടക്കം മൂന്ന് സ്ത്രീകളും രണ്ട് പെണ്‍കുട്ടികളും മത്തായിയെ ആശ്രയിച്ചായിരുന്നു പൂര്‍ണമായും ജീവിച്ചിരുന്നത്. എന്നാല്‍ അനാഥമാക്കപ്പെട്ട കുടുംബത്തിന് യാതൊരു സഹായവും ലഭിക്കാത്ത സാഹചര്യത്തിലാണ് കേരള ഇന്‍ഡിപെന്‍ഡന്‍റ് ഫാര്‍മേഴ്സ് അസോസിയേഷന്‍റെ ഇടപെടല്‍.
കുടുംബത്തിന്‍റെ ആവശ്യം വ്യക്തമാക്കി നിയമാനുസൃതമായി നോട്ടീസ് നല്‍കാനും ആവശ്യമെങ്കില്‍ കേസുമായി മുന്നോട്ട് പോകാനുമാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം കുടുംബത്തെ നിയമനടപടികളിലേക്ക് തള്ളി വിടാതെ അവശ്യമായ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് കിഫ മുന്നോട്ട് വയ്ക്കുന്ന ആവശ്യം. എന്നാല്‍ സി.ബി.ഐ അന്വേഷണം നടക്കുന്ന കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നാണ് വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്.
Adjust Story Font
16