മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ ഭൂമി വീണ്ടും അളക്കും
മുമ്പ് ഭൂമി അളന്നപ്പോൾ പിശകുണ്ടായെന്ന് മാത്യു കുഴൽനാടന്റെ പാർട്ണർമാർ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് നടപടി
ഇടുക്കി:മാത്യു കുഴൽനാടൻ എംഎൽഎയുടെ ഇടുക്കി ചിന്നക്കനാലിലെ ഭൂമി വീണ്ടു അളക്കും. അടുത്തയാഴ്ച ഹെഡ് സർവ്വേയറുടെ നേതൃത്വത്തിൽ ഉടമകളുടെ സാന്നിധ്യത്തിലാകും ഭൂമി അളക്കുക. മുമ്പ് ഭൂമി അളന്നപ്പോൾ പിശകുണ്ടായെന്ന് മാത്യു കുഴൽനാടന്റെ പാർട്ണർമാർ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് നടപടി.
ചിന്നക്കനാലിൽ മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ഒരു ഏക്കർ 23 സെൻറ് ഭൂമിക്ക് പുറമെ 50 സെന്റ് സർക്കാർ ഭൂമി കൈവശം വെച്ചിട്ടുണ്ടെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. റവന്യൂ വകുപ്പ് ഇത് ശരി വെച്ചതോടെ മാത്യുവിനെതിരെ കേസെടുത്തിരുന്നു. ആധാരത്തിൽ ഉള്ളതിനേക്കാൾ 50 സെൻറ് സർക്കാർ ഭൂമി കയ്യേറിയതിന് ലാൻഡ് കൺസർവേറ്റിവ് ആക്ട് പ്രകാരമാണ് കേസെടുത്തിരുന്നത്. 50 സെൻറ് സർക്കാർ ഭൂമി മാത്യു കുഴൽനാടൻ കയ്യേറി മതിൽ കെട്ടിയെന്നാണ് കണ്ടെത്തൽ.
2022ലാണ് മാത്യു കുഴൽനാടനും സുഹൃത്തുക്കളും ചേർന്ന് ചിന്നക്കനാലിൽ റിസോർട്ട് വാങ്ങിയത്. തുടർന്ന് ഈ ഇടപാടിൽ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ആരോപിച്ച് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. 4000 സ്‌ക്വയർഫീറ്റ് ഉള്ള ഒരു കെട്ടിടവും 850 സ്‌ക്വയർഫീറ്റ് വീതമുള്ള രണ്ട് കെട്ടിടങ്ങളുമാണ് മാത്യുവിന്റെയും സുഹൃത്തുക്കളുടെയും ഉടമസ്ഥതയിലുള്ളത്. കപ്പിത്താൻ എന്ന് പേരിട്ടിരിക്കുന്ന റിസോർട്ടിലെ വലിയ കെട്ടിടം റിസോർട്ട് ആവശ്യങ്ങൾക്കും ചെറിയ കെട്ടിടം പാർപ്പിടാവശ്യങ്ങൾക്കും നിർമിച്ചു എന്നായിരുന്നു രേഖകൾ. ഇതിൽ ഗാർഹികാവശ്യത്തിന് അനുമതി വാങ്ങി നിർമിച്ച കെട്ടിടങ്ങൾ റിസോർട്ട് ആവശ്യത്തിന് ഉപയോഗിച്ചു എന്നതാണ് കുഴൽനാടനെതിരെയുള്ള ആരോപണം. തുടർന്ന് റിസോർട്ടിൻറെ ലൈസൻസ് പുതുക്കി നൽകാത്ത സാഹചര്യമുണ്ടായെങ്കിലും രേഖകൾ സുതാര്യമാക്കിയതിനെ തുടർന്ന് ലൈസൻസ് പുതുക്കി നൽകിയിരുന്നു.
Adjust Story Font
16