‘പ്രമുഖരെ സിനിമയിൽനിന്ന് വെട്ടിയത് മമ്മൂട്ടിയും മോഹൻലാലും ദിലീപും അടക്കമുള്ള ലോബി’; ഇന്ത്യൻ കോംപറ്റീഷൻ കമ്മീഷന്റെ കണ്ടെത്തൽ
‘ജയസൂര്യയെ സിബി മലയിൽ ഭീഷണിപ്പെടുത്തി’
കൊച്ചി: മലയാള സിനിമയെ നിയന്ത്രിക്കുന്ന സംഘത്തിന്റെ ഗൂഢപ്രവർത്തനങ്ങളിലേക്ക് ആദ്യം വിരൽചൂണ്ടിയത് കോംപറ്റീഷൻ കമ്മീഷൻ. പല പ്രമുഖരെയും സിനിമയിൽനിന്ന് വെട്ടിയത് മമ്മൂട്ടിയും മോഹൻലാലും ദിലീപും അടക്കമുള്ള ലോബിയാണെന്നായിരുന്നു കേന്ദ്ര സർക്കാറിന് കീഴിലുള്ള കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ. സംവിധായകൻ വിനയന്റെ കേസിലാണ് കമ്മീഷൻ മലയാള സിനിമയിലെ അപ്രഖ്യാപിത വിലക്കിന്റെ ആസൂത്രിത നീക്കങ്ങൾ തുറന്നുകാട്ടിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പവർ ഗ്രൂപ്പ് പരാമർശത്തോടെ കമ്മീഷൻ വിധി വീണ്ടും ചർച്ചയാകുകയാണ്.
സംവിധായകൻ വിനയനുമേൽ സിനിമാ സംഘടനകൾ ഏർപ്പെടുത്തിയ വിലക്ക് നീക്കിക്കൊണ്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ വിധി വന്നത് 2017ലാണ്. ഈ വിധിപ്പകർപ്പിലാണ് മലയാള സിനിമയെ നിയന്ത്രിക്കുന്ന ലോബിയെക്കുറിച്ച് പേരെടുത്ത് പരാമർശമുള്ളത്.
പുതിയ അഭിനേതാക്കളെ വെച്ച് കുറഞ്ഞ ബജറ്റിൽ സിനിമ ചെയ്യാൻ വേണ്ടി വിനയൻ സിനിമ ഫോറം എന്ന സംഘടന തുടങ്ങി. അതിനെ മമ്മൂട്ടിയും മോഹൻലാലും ദിലീപും ചേർന്ന് തകർത്തു. വിനയന്റെ സിനിമകളിൽ നിന്ന് പല നിർമാതാക്കളും പിന്മാറാൻ കാരണം സംവിധായകന്മാരായ ബി. ഉണ്ണികൃഷ്ണനും സിബി മലയിലും അമ്മ ഭാരവാഹിയായ ഇടവേള ബാബുവും ചെലുത്തിയ സമ്മർദം കാരണമാണ്.
വിലക്ക് ലംഘിച്ച് വിനയന്റെ സിനിമയിൽ അഭിനയിച്ച തിലകനെ അമ്മയിൽനിന്ന് പുറത്താക്കി. ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന സിനിമയിൽനിന്ന് തിലകനെ വിലക്കിയതിന് പിന്നിൽ മമ്മൂട്ടിയും മോഹൻലാലുമാണ്. വിനയന്റെ സിനിമയ്ക്ക് പണം മുടക്കാനെത്തിയ ഫിനാൻസറെ മമ്മൂട്ടിയും സംവിധായകൻ ജോഷിയും ചേർന്ന് പിന്തിരിപ്പിച്ചു. ഇന്ദ്രൻസിനെ പറഞ്ഞ് വിലക്കിയത് അഭിനേതാക്കളുടെ സംഘടനയായ അമ്മയാണ്. മുതിർന്ന നടൻ മധുവിനെ പിന്തിരിപ്പിച്ചത് ബി. ഉണ്ണികൃഷ്ണനും സിയാദ് കോക്കറും ചേർന്നാണെന്നും വിധിപ്പകർപ്പിൽ പറയുന്നു.
നടൻ ജയസൂര്യയെ വിനയനുമായി സിനിമകൾ ചെയ്യരുതെന്ന് ഭീഷണിപ്പെടുത്തി വിലക്കിയത് സിബി മലയിൽ. കലാസംവിധായകൻ അനിൽ കുമ്പഴയോട് വിനയന്റെ പടത്തിൽ പ്രവർത്തിക്കരുതെന്ന് ദിലീപ് നേരിട്ടാവശ്യപ്പെട്ടു. പ്രതിഫലമായി നൽകിയത് തന്റെ സിനിമയിൽ പ്രവർത്തിക്കാനുള്ള അവസരമാണ്.
തനിക്കെതിരെ വിനയൻ സംസാരിച്ചതോടെ മാക്ട എന്ന സംഘടന ദിലീപ് തകർത്തെന്നും ഇതിന് അമ്മ കൂട്ടുനിന്നെന്നും കമ്മീഷൻ കണ്ടെത്തി. മാക്ടയുടെ തകർച്ചയ്ക്കും ഫെഫ്കയുടെ ഉദയത്തിനും പിന്നിൽ പവർ ഗ്രൂപ്പിലെ ഒരു നടനാണെന്ന് ഹേമാ കമ്മിറ്റി റിപ്പോർട്ടിലും പരാമർശമുണ്ടായിരുന്നു.
Adjust Story Font
16