Quantcast

പാരമ്പര്യ വൈദ്യന്‍റെ കൊലപാതകം: പ്രധാന പ്രതി ഷൈബിന്‍ അഷറഫുമായി ഇന്ന് തെളിവെടുപ്പ് നടത്തും

വയനാട് ബത്തേരി പുത്തന്‍കുന്നിലെ നിര്‍മാണത്തിലിരിക്കുന്ന ഷൈബിന്റെ ആഡംബരവസതിയില്‍ ഉള്‍പ്പെടെയെത്തിച്ചാണ് അന്വേഷണ സംഘം പരിശോധന നടത്തുക

MediaOne Logo

Web Desk

  • Updated:

    2022-05-18 02:13:10.0

Published:

18 May 2022 1:16 AM GMT

പാരമ്പര്യ വൈദ്യന്‍റെ കൊലപാതകം: പ്രധാന പ്രതി ഷൈബിന്‍ അഷറഫുമായി ഇന്ന് തെളിവെടുപ്പ് നടത്തും
X

പാരമ്പര്യ വൈദ്യന്‍ ഷാബാ ശരീഫിന്റെ കൊലപാതകത്തില്‍ പ്രധാന പ്രതി ഷൈബിന്‍ അഷറഫുമായി ഇന്ന് തെളിവെടുപ്പ് നടത്തും. വയനാട് ബത്തേരി പുത്തന്‍കുന്നിലെ നിര്‍മാണത്തിലിരിക്കുന്ന ഷൈബിന്റെ ആഡംബരവസതിയില്‍ ഉള്‍പ്പെടെയെത്തിച്ചാണ് അന്വേഷണ സംഘം പരിശോധന നടത്തുക.നിര്‍ണായക വിവരങ്ങള്‍ വയനാട്ടിലെ തെളിവെടുപ്പിലൂടെ ശേഖരിക്കുകയാണ് ലക്ഷ്യം. മുഖ്യപ്രതി ഷൈബിന്‍ അഷറഫിനെ കൂടാതെ, ഷൈബിന്റെ മാനേജറായിരുന്ന ബത്തേരി സ്വദേശി ഷിഹാബുദീന്‍, ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നിഷാദ് എന്നിവരാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്.

കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനു ശേഷമാണ് വയനാട് ബത്തേരി പുത്തന്‍കുന്നിലെ ഷൈബിന്‍ അഷ്റഫിന്റെ നിര്‍മാണത്തിലിരിക്കുന്ന ആഡംബര വസതിയിലടക്കം കൊണ്ടുപോയി തെളിവെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഇവിടെ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കൊല്ലപ്പെട്ട ഷാബാ ശരീഫിന്റെ കുടുംബത്തെയും അയല്‍ക്കാരെയും പങ്കെടുപ്പിച്ച് പ്രതികളുടെ തിരിച്ചറിയല്‍ പരേഡും ഒരാഴ്ചത്തെ കസ്റ്റഡി കാലാവധിക്കിടെ നടത്തിയേക്കും. ഷാബാ ഷെരീഫിന്റെ മൃതദേഹം വെട്ടിമുറിച്ച് എടവണ്ണ പാലത്തില്‍ നിന്ന് ചാലിയാര്‍ പുഴയില്‍ നിക്ഷേപിച്ചെന്ന പ്രതികളുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

മൃതദേഹാവശിഷ്ടം കണ്ടെത്താനും അന്വേഷണസംഘം ശ്രമം തുടങ്ങി. നേരത്തെ കസ്റ്റഡിയിലെടുത്ത നൗഷാദുമായുള്ള തെളിവെടുപ്പിനിടെ ഷൈബിന്റെ മുക്കട്ടയിലെ വീട്ടില്‍ നിന്ന് ഷാബാ ശരീഫിന്റെതെന്നു സംശയിക്കുന്ന രക്തക്കറയും, മുടിയും പോലീസ് കണ്ടെത്തിയിരുന്നു. മൃതദേഹം വെട്ടിമുറിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ വാങ്ങിയ കടയില്‍ നിന്ന് ബില്ലിന്റെ പകര്‍പ്പും കഴിഞ്ഞ ദിവസം അന്വേഷണസംഘം കണ്ടെത്തി

TAGS :

Next Story