Quantcast

എം.എസ്.എഫ് പ്രവര്‍ത്തകരെ വിലങ്ങണിയിച്ച് കൊണ്ടു പോയത് നീചമായ നടപടി: എസ്.ഐ.ഒ

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ പ്രതിഷേധിച്ചതിന് എം.എസ്.എഫ് പ്രവർത്തകരെ വിലങ്ങണിയിച്ച് അറസ്റ്റ് ചെയ്ത നടപടി വിവാദമായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-06-26 07:29:31.0

Published:

26 Jun 2023 7:26 AM GMT

എം.എസ്.എഫ് പ്രവര്‍ത്തകരെ വിലങ്ങണിയിച്ച് കൊണ്ടു പോയത്  നീചമായ നടപടി: എസ്.ഐ.ഒ
X

കോഴിക്കോട്: വിദ്യാഭ്യാസ അവകാശ പോരാട്ടം നയിച്ച എം എസ് എഫ് പ്രവര്‍ത്തകരെ കയ്യാമം വെച്ച് കൊണ്ട് പോയത് ഭരണകൂടത്തിന്റെ നീചമായ നടപടിയെന്ന് എസ്.ഐ.ഒ. മലബാർ അവകാശ പോരാട്ടങ്ങൾ പതിറ്റാണ്ടുകളായി കേരളത്തിലെ തെരുവുകളിൽ സജീവമാണ്. സർക്കാർ ഔദ്യോഗിക സംവിധാനങ്ങൾ തന്നെ സമര സംഘങ്ങൾ ഉന്നയിച്ച വാദങ്ങൾ അംഗീകരിച്ചിരിക്കെ അതെ ആവശ്യത്തിന് സമരം ചെയ്തവരെ വേട്ടയാടുകയും നീചമായി കൈകാര്യം ചെയ്യുകയും ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് സഈദ് ടി.കെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

അവകാശ, സമര പോരാട്ടങ്ങളെ മാനിക്കാനും സമരത്തിന് നേതൃത്വം നൽകുന്നവരെ മാന്യമായി പരിഗണിക്കാനും പോലീസ് അധികാരികൾ തയ്യാറാകണം. അല്ലാത്ത പക്ഷം ശക്തമായ നടപടികൾ സ്വീകരിച്ചേ മതിയാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ പ്രതിഷേധിച്ചതിന് എം.എസ്.എഫ് പ്രവർത്തകരെ വിലങ്ങണിയിച്ച് അറസ്റ്റ് ചെയ്ത നടപടി വിവാദമായിരുന്നു. കഴിഞ്ഞ ദിവസം കൊയിലാണ്ടിയിലായിരുന്നു സംഭവം. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിക്കെതിരെ പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. യോഗി ആദിത്യനാഥിന്റെ യു.പിയിലല്ല, പിണറായി വിജയന്റെ കേരളത്തിലാണ് ഇത്തരമൊരു ജനാധിപത്യ വിരുദ്ധമായ നടപടിയെന്ന് ലീഗ് നേതാക്കൾ വിമർശിച്ചു.

എം.എസ്.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.ടി അഫ്രിൻ, കൊയിലാണ്ടി മണ്ഡലം സെക്രട്ടറി ഫസീഹ് സി എന്നിവരെയാണ് പൊലീസ് കൈവിലങ്ങ് അണിയിച്ച് അറസ്റ്റ് ചെയ്തത്. ഭീകരവാദികളെ കൊണ്ട് പോകുന്നത് പോലെയാണ് പ്രവർത്തകരെ പൊലീസ് കൊണ്ടുപോയതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ് ആരോപിച്ചു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകുമെന്നും നവാസ് അറിയിച്ചു.

പരീക്ഷ എഴുതാതെ പാസായതിനും വ്യാജ സർട്ടിഫിക്കറ്റ് കൊണ്ട് ജോലി നേടിയതിനും ക്രിമിനൽ കേസുണ്ടായിട്ടും പൊലീസിന്റെ മുന്നിലൂടെ വിലസുന്നതിനും പി.എസ്.സി റാങ്ക് നേടാൻ തിരിമറി നടത്തിയതിനുമല്ല ഈ നടപടിയെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ മജീദ് വിമർശിച്ചു. പ്ലസ് വണ്ണിന് പഠിക്കാൻ കുട്ടികൾക്ക് സീറ്റ് വേണമെന്ന് പറഞ്ഞ് സമരം ചെയ്തതിനാണ് കൊയിലാണ്ടിയിൽ എം.എസ്.എഫ് നേതാക്കളെ ഈ രീതിയിൽ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത്. യോഗിയുടെ യു.പിയല്ല. പിണറായിയുടെ കേരളമാണെന്നും മജീദ് കുറ്റപ്പെടുത്തി.

ഇപ്പോഴും കേരളം ഭരിക്കുന്നത് ഒരു ജനാധിപത്യ സർക്കാരാണെന്ന് വിശ്വസിക്കുന്നവർ തികഞ്ഞ വിഡ്ഢികളാണെന്ന് ലീഗ് നേതാവ് കെ.എം ഷാജി പ്രതികരിച്ചു. നിയമസഭയിൽ സ്പീക്കറുടെ ഡയസിൽ കയറി പൊതുമുതൽ നശിപ്പിച്ച 'മഹാന്' നേരെയാണ് അവർ കരിങ്കൊടി കാണിച്ചത്. അയാൾ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായത് ജനങ്ങളുടെ ദൗർഭാഗ്യമാണ്. കാലം മാറ്റും, തിരിച്ചടിക്കുമെന്ന ഉറച്ച വാക്കാണ് സി.പി.എമ്മിന് വേണ്ടി വിടുപണി ചെയ്യുന്ന തെമ്മാടിക്കൂട്ടങ്ങളോട് പറയാനുള്ളതെന്നും ഷാജി ഫേസ്ബുക്കിൽ കുറിച്ചു.

ജനാധിപത്യപരമായ സമരങ്ങളെ നിഷ്‌കരുണം നേരിടുന്ന ഈ പൊലീസ് നയം ഇടതുപക്ഷ രാഷ്ട്രീയം തന്നെയാണോയെന്ന് ഇടതുപക്ഷ പ്രവർത്തകർ പോലും ചിന്തിച്ചുപോവുമെന്ന് ഡോ. എം.കെ മുനീർ പറഞ്ഞു. സമരം ചെയ്ത കുട്ടികളെ കൈവിലങ്ങുവയ്ക്കാൻ അവരുടെ കൈയിൽ തട്ടിപ്പിലൂടെ ഉണ്ടാക്കിയ സർട്ടിഫിക്കറ്റും തട്ടിക്കൂട്ട് ഡിഗ്രിയും ഒന്നുമല്ല ഉള്ളത്.അവകാശസമര പോരാട്ടങ്ങളിൽ നിരന്തരം പൊരുതാനുള്ള ഇച്ഛാശക്തിയാണ്. കേരള പൊലീസ് ആയിരം 'വിദ്യകൾ' കാണിച്ചാലും അതിലൊന്നും തളർന്നുപിന്മാറുന്നവരല്ല എം.എസ്.എഫ് പ്രവർത്തകരെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story