എഡിഎമ്മിന്‍റെ ആത്മഹത്യ; ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ റിപ്പോർട്ട് ഇന്ന് റവന്യൂ മന്ത്രിക്ക് മുന്നില്‍
റിപ്പോർട്ട് റവന്യൂ മന്ത്രി പരിശോധിച്ച ശേഷം മുഖ്യമന്ത്രിക്ക് കൈമാറും
തിരുവനന്തപുരം: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ റിപ്പോർട്ട് ഇന്ന് റവന്യൂ മന്ത്രി കെ. രാജന്‍റെ മുൻപിൽ എത്തും. കൈക്കൂലി അടക്കം, നവീൻ ബാബുവിനെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്ന റിപ്പോർട്ടാണ് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണർ ഗീത നൽകിയിട്ടുള്ളത്. റിപ്പോർട്ട് റവന്യൂ മന്ത്രി പരിശോധിച്ച ശേഷം മുഖ്യമന്ത്രിക്ക് കൈമാറും.
മുഖ്യമന്ത്രിയുടെ കൂടി നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർനടപടികൾ സ്വീകരിക്കുക. കലക്ടർ സ്ഥാനത്തുനിന്ന് അരുൺ കെ. വിജയനെ മാറ്റുന്നതടക്കമുള്ള നടപടികൾ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കും സർക്കാർ തീരുമാനിക്കുക. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ റിപ്പോർട്ടിനെ തള്ളിക്കൊണ്ട് പി.പി ദിവ്യയെ സംരക്ഷിക്കുന്ന നിലപാട് സർക്കാരിൽനിന്ന് ഉണ്ടാകാൻ സാധ്യത ഇല്ലെന്നാണ് വിവരം.
ദിവ്യയുടെ വാദങ്ങൾ തള്ളിയാണ് റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചത്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്ന് കമ്മിഷണർ വ്യക്തമാക്കുന്നു. പെട്രോൾ പമ്പിനുള്ള അനുമതി വൈകിപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ദിവ്യ ഒഴികെ 17 പേരുടെ മൊഴി അന്വേഷണത്തിന്‍റെ ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ട്. കലക്ടർ അരുൺ കെ. വിജയനും ഇതിൽ ഉൾപ്പെടും. പെട്രോൾ പമ്പ് അനുവദിച്ചതിൽ ഒരു തരത്തിലും നവീൻ ബാബുവിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫയൽ നീക്കത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന മൊഴി കമ്മിഷണർക്കു മുന്നിലും കലക്ടർ ആവർത്തിച്ചിട്ടുണ്ട്.
Adjust Story Font
16