വയനാട് കടുവ ആക്രമണം; കടുവയെ കണ്ടെത്തി, ദൗത്യം ഇന്നും തുടരും
മാനന്തവാടി നഗരസഭയിലെ മൂന്ന് ഡിവിഷനുകളിൽ ഇന്ന് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്

വയനാട്: കടുവയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ച മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവക്കായുള്ള തിരച്ചിൽ ഇന്നും തുടരും.ആർആർടി അംഗം ജയസൂര്യയെ കൂടി ആക്രമിച്ചതോടെ കടുവയെ എത്രയും പെട്ടന്ന് പിടികൂടാനുള്ള നീക്കത്തിലാണ് വനംവകുപ്പ്. പിലാക്കാവ് പ്രദേശത്ത് കടുവയെ കണ്ടെത്തിയിട്ടുണ്ട്.മാനന്തവാടി നഗരസഭയിലെ മൂന്ന് ഡിവിഷനുകളിൽ ഇന്ന് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
മയക്കുവെടി വിദഗ്ധരും ഷാർപ്പ് ഷൂട്ടർമാരുമടക്കം എൺപതിലധികം വനംവകുപ്പ് ഉദ്യോഗസ്‌ഥരാണ് കടുവയക്കായി തിരച്ചിൽ നടത്തുന്നത്. തെർമൽ ഡ്രോണും നോർമൽ ഡ്രോണും ഉപയോഗിച്ചുള്ള തിരച്ചിൽ നടത്തുന്നതിനിടെ കടുവയെ കണ്ടെത്തുന്നതിനായി കുങ്കിയാനകളെയും ഇന്നലെ സ്ഥലത്ത് എത്തിച്ചിരുന്നു. ഡിവിഷൻ ഒന്ന് പഞ്ചാരക്കൊല്ലി, ഡിവിഷൻ രണ്ട് പിലാക്കാവ്, ഡിവിഷൻ 36 ചിറക്കര പ്രദേശങ്ങളിലാണ് ഇന്ന് കർഫ്യൂ. രാവിലെ ആറ് മുതൽ ആരംഭിക്കുന്ന കർഫ്യൂ 48 മണിക്കൂർ നേരത്തേക്കാണ്.
മേഖലയിലെ സ്കൂൾ, അങ്കണവാടി, മദ്രസ, ട്യൂഷൻ സെന്ററുകൾ എന്നിവയൊന്നും തുറന്ന് പ്രവർത്തിക്കാൻ പാടില്ല. കട കമ്പോളങ്ങളും അടച്ചിടണം.കർഫ്യൂ പ്രഖ്യാപിച്ച ഡിവിഷനുകളിൽ നിന്ന് മറ്റ് സ്ഥലങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർത്ഥികൾ ജനുവരി 27, 28 തിയതികളിൽ സ്കൂളുകളിൽ ഹാജരാകേണ്ടതില്ല. പി.എസ്.സി പരീക്ഷ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടക്കുന്ന പരീക്ഷകൾക്ക് അത്യാവശ്യമായി പോകണ്ടവർ ഡിവിഷനിലെ കൗൺസിലറുമായി ബന്ധപ്പെട്ട് യാത്രാ ക്രമീകരണങ്ങൾ ചെയ്യണം.
Adjust Story Font
16