Quantcast

കാലവർഷം ദുർബലം; സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴോട്ട്

വൈദ്യുതി ഉല്‍പ്പാദന അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 37 ശതമാനം വെള്ളം മാത്രമാണുള്ളത്.

MediaOne Logo

Web Desk

  • Published:

    17 Aug 2023 3:12 AM GMT

കാലവർഷം ദുർബലം; സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴോട്ട്
X

തിരുവനന്തപുരം: കാലവര്‍ഷം ദുര്‍ബലമായതോടെ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴോട്ട്. വൈദ്യുതി ഉല്‍പ്പാദന അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 37 ശതമാനം വെള്ളം മാത്രമാണുള്ളത്. ജലസേചന ഡാമുകളിലും അപകടകരമായ തോതില്‍ വെള്ളം കുറയുകയാണ്.

സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 30 ശതമാനവും ഇടുക്കിയില്‍ നിന്നാണ്. ഇപ്പോള്‍ അണക്കെട്ടില്‍ ബാക്കിയുള്ളത് 32 ശതമാനം വെള്ളം മാത്രം. കഴിഞ്ഞ വര്‍ഷം ഇതേ സമയം 81 ശതമാനം വെള്ളമുണ്ടായിരുന്നു. മറ്റ് ഡാമുകളുടെ സ്ഥിതിയും മറിച്ചല്ല. പമ്പയിലുള്ളത് 34 ശതമാനം വെള്ളമാണ്. കക്കി- 36, മൂഴിയാര്‍- 32, ഇടമലയാര്‍- 42, കുറ്റിയാടി- 33, ആനയിറങ്കല്‍- 25, ഷോളയാര്‍- 62 , കുണ്ടള- 68 എന്നിങ്ങനെയാണ് കെഎസ്ഇബിയുടെ കീഴിലെ മറ്റ് ഡാമുകളിലെ ജലത്തിന്റെ ശതമാനം. ആഭ്യന്തര ഉൽപ്പാദനം കുറഞ്ഞതും ദീര്‍ഘകാല വൈദ്യുതി കരാര്‍ റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയതും കാരണം സംസ്ഥാനം നേരിടുന്നത് ഗുരുതര വൈദ്യുത പ്രതിസന്ധിയാണ്.

ജലസേചന വകുപ്പിന് കീഴിലെ ഡാമുകളുടെ ജലനിരപ്പും താഴ്ന്നു. മലമ്പുഴ ഡാമിലുള്ളത് 36 ശതമാനം വെള്ളമാണ്. വാഴാനിയില്‍- 34, ചിമ്മണി- 31, മീങ്കര- 18, വാളയാർ- 34, പോത്തുണ്ടി- 45 ശതമാനം എന്നിങ്ങനെയാണ് കണക്ക്. ജലസേചന ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞത് തൃശൂരും പാലക്കാടുമുള്ള നെല്‍കര്‍ഷകരെയാണ് കാര്യമായി ബാധിക്കുന്നത്. മഴയ്ക്കുവേണ്ടി ഇനി എത്ര നള്‍ കേരളം കാത്തിരിക്കണമെന്നതാണ് ചോദ്യം.


TAGS :

Next Story