Quantcast

പുൽവാമ: ആഭ്യന്തരമന്ത്രാലയ വീഴ്ചയിൽ സുപ്രിംകോടതി മേൽനോട്ടത്തിൽ സമഗ്രാന്വേഷണം വേണമെന്ന് വെൽഫെയർ പാർട്ടി

മോദിയും ബി.ജെ.പിയും ജനങ്ങളെ വൈകാരികമായി ചൂഷണം ചെയ്യാൻ ഉപയോഗിക്കുന്ന വാചകക്കസർത്ത് മാത്രമാണ് ദേശ സുരക്ഷയെന്ന് സത്യപാലിന്റെ വെളിപ്പെടുത്തലിലൂടെ വീണ്ടും വ്യക്തമായിരിക്കുകയാണ്.

MediaOne Logo

Web Desk

  • Published:

    15 April 2023 12:54 PM GMT

The welfare party wants a inquiry in the failure Home Affairs Ministry in Pulwama Attack
X

കോഴിക്കോട്: പുൽവാമ ഭീകരാക്രണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ഇന്റലിജൻസ് ഏജൻസികളുടേയും വീഴ്ച സംബന്ധിച്ച് സുപ്രിംകോടതി മേൽനോട്ടത്തിൽ സമ​ഗ്രാന്വേഷണം നടത്തണമെന്ന് വെൽഫെയർ പാർട്ടി. 2019 ഫെബ്രുവരി 14ന് നടന്ന പുൽവാമ ആക്രമണത്തിന് കാരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ചയാണെന്ന ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവതരമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.

40 സി.ആർ.പി.എഫ് ജവാന്മാരാണ് അന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തുടർന്നുള്ള പൊതുതെരഞ്ഞെടുപ്പിൽ പുൽവാമയും ദേശസുരക്ഷയും ബി.ജെ.പി പ്രചാരണ ആയുധമാക്കുകയും ചെയ്തിരുന്നു. 300 കിലോ ആർ.ഡി.എക്സ് നിറച്ച കാർ ജമ്മു കശ്മീരിൽ 10- 12 ദിവസം ചുറ്റിക്കറങ്ങിയിട്ടും സുരക്ഷാ സംവിധാനങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല എന്നത് കേന്ദ്ര സർക്കാരിന്റെ വലിയ പരാജയമാണെന്ന് അന്നു തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. ജവാൻമാരെ കൊണ്ടുപോകാൻ വിമാനങ്ങൾ ആവശ്യപ്പെട്ടിട്ടും ആഭ്യന്തര വകുപ്പ് അനുവദിച്ചിരുന്നില്ല.

ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ വീഴ്ചകൾ മറച്ചുവയ്ക്കണമെന്ന് പ്രധാനമന്ത്രിയും സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സത്യപാലിനോട് ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തൽ വിഷയത്തിന്റെ ഗൗരവവും ദുരൂഹതയും വർധിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് ലാഭങ്ങൾക്കും കേന്ദ്ര ഭരണകൂടത്തിന്റെ രാഷ്ട്രീയ താത്പര്യങ്ങൾക്കും വേണ്ടി സാധാരണക്കാരായ ജവാൻമാരുടെ ജീവനെ കരുവാക്കിയത് മാപ്പർഹിക്കാത്ത കുറ്റകൃത്യമാണ്.

നരേന്ദ്രമോദിയും ബി.ജെ.പിയും ജനങ്ങളെ വൈകാരികമായി ചൂഷണം ചെയ്യാൻ ഉപയോഗിക്കുന്ന വാചകക്കസർത്ത് മാത്രമാണ് ദേശ സുരക്ഷയെന്ന് സത്യപാലിന്റെ വെളിപ്പെടുത്തലിലൂടെ വീണ്ടും വ്യക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പുൽവാമ സംഭവത്തിൽ ആഭ്യന്തര മന്ത്രാലയത്തിനും ഇന്റലിജൻസ് ഏജൻസികൾക്കും വന്ന വീഴ്ചയെ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണം.

സംഭവത്തിനു പിന്നിലെ ദുരൂഹതകളും രഹസ്യങ്ങളും മറനീക്കി പുറത്തു കൊണ്ടുവരണം. സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പുൽവാമ സംഭവത്തെ സംബന്ധിച്ച് സുപ്രിം‌കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണം- അദ്ദേഹം ആവശ്യപ്പെട്ടു.

TAGS :

Next Story