മതിയായ ജീവനക്കാരില്ല; വയനാട് ജില്ലാ ഹോർട്ടികോർപ്പിന്‍റെ പ്രവർത്തനം താളംതെറ്റുന്നു
ആറ് ജീവനക്കാർ ഉണ്ടായിരുന്ന സുൽത്താൻ ബത്തേരിയിലെ കേന്ദ്രത്തിൽ ഇപ്പോൾ ഉള്ളത് രണ്ട് പേർ മാത്രമാണ്
പ്രതീകാത്മക ചിത്രം
വയനാട്: മതിയായ ജീവനക്കാരില്ലാത്തതിനാൽ വയനാട് ജില്ലാ ഹോർട്ടികോർപ്പിന്‍റെ പ്രവർത്തനം താളംതെറ്റുന്നു. ആറ് ജീവനക്കാർ ഉണ്ടായിരുന്ന സുൽത്താൻ ബത്തേരിയിലെ കേന്ദ്രത്തിൽ ഇപ്പോൾ ഉള്ളത് രണ്ട് പേർ മാത്രമാണ്. ഹോർട്ടികോർപ്പിന്‍റെ രണ്ട് വാഹനങ്ങളിൽ ഒന്ന് , മാസങ്ങളായി കട്ടപ്പുറത്താണ്. മറ്റൊരു വാഹനത്തിന് ഡ്രൈവറുമില്ല.
വയനാട് ജില്ലയിലെ കർഷകരെ സഹായിക്കാനാരംഭിച്ച ഹോർട്ടികോർപ്പിന്‍റെ ജില്ലാ ഓഫീസിന്‍റെ പ്രവർത്തനമാണ് ജീവനക്കാരില്ലാത്തതിനാൽ താളം തെറ്റുന്നത്. കർഷകരിൽ നിന്ന് ന്യായവിലയിൽ ഉൽപന്നങ്ങൾ സംഭരിച്ച് വിവിധ ജില്ലകളിലേക്ക് കയറ്റി അയക്കുകയാണ് കേന്ദ്രത്തിന്‍റെ പ്രധാന പ്രവർത്തനം. എന്നാൽ ജീവനക്കാരില്ലാത്തതിനാൽ സംഭരണവും വിതരണവും താളം തെറ്റി. സംഭരിച്ച സാധനങ്ങൾ കയറ്റിപ്പോകാനുള്ള വാഹനങ്ങളിൽ ഒന്ന് കേടായിട്ട് മാസങ്ങളായി. അവശേഷിച്ചതിൽ ഡ്രൈവറില്ല. സൂപ്പർവൈസർ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്.
നിലവിൽ മാനേജർ ഇൻചാർജ് ആയ ആളെ കൂടാതെ ഒരു അസിസ്റ്റന്‍റ് മാനേജർ മാത്രമാണ് ഇവിടെയുള്ളത്. ജീവനക്കാരില്ലാത്ത വിവരം ഹെഡ് ഓഫീസിൽ അറിയിച്ചിട്ടുണ്ടന്ന് ഹോർട്ടി കോർപ്പ് അസി. മാനേജർ പറഞ്ഞു.
Adjust Story Font
16