പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം
പരാതി നൽകി മകൻ മനസ് മോൻസൺ
കൊച്ചി: ക്രൈം ബ്രാഞ്ച് പിടിച്ചെടുത്ത മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം നടന്നതായി പരാതി നൽകി മകൻ മനസ് മോൻസൺ. പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്ത കലൂരിലെ വീട്ടിൽ മോഷണം നടന്നതായാണ് പരാതി. എറണാകുളം നോർത്ത് പൊലീസിലാണ് മനസ് മോൻസൺ പരാതി നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നതെന്നും വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായെന്ന് സംശയമുണ്ടെന്നും പരാതിയിൽ പറഞ്ഞു.
ഈ വർഷം മാർച്ച് നാലിന് പുരാവസ്തു തട്ടിപ്പുകേസിൽ മോൻസൻ മാവുങ്കൽ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ രണ്ടാം പ്രതിയായിരുന്നു. എറണാകുളം എ.സി.ജെ.എം കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നത്.
ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച ആദ്യഘട്ട കുറ്റപത്രത്തിൽ മൂന്നുപേർ മാത്രമാണു പ്രതികളായുള്ളത്. കെ. സുധാകരന്റെ അടുത്തയാളായ എബിൻ എബ്രഹാമാണ് മൂന്നാം പ്രതി.
പുരാവസ്തു ഇടപാടിന്റെ ഭാഗമായി നിരവധി പേർ മോൻസനു നൽകിയ 25 ലക്ഷം രൂപയിൽ പത്തു ലക്ഷം കൈപറ്റിയെന്നാണ് സുധാകരനെതിരായ കേസ്. ഇതിൽ തെളിവുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സുധാകരനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. മുൻകൂർ ജാമ്യമുണ്ടായതിനാൽ പിന്നീട് വിട്ടയയ്ക്കുകയായിരുന്നു.
അടുത്ത കുറ്റപത്രത്തിൽ കൂടുതൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രൻ, ഐ.ജി ലക്ഷ്മണയെയും അറസ്റ്റ് ചെയ്തിരുന്നു. മുൻകൂർ ജാമ്യത്തെ തുടർന്നു വിട്ടയയ്ക്കുകയായിരുന്നു പിന്നീട്.
Adjust Story Font
16