മാലിന്യപ്ലാന്റിൽ അന്നുണ്ടായത് 48 പേർ, ഇവരാരും തീപിടിത്തം അറിഞ്ഞില്ലേ? ബ്രഹ്മപുരത്ത് ദുരൂഹതകളേറുന്നു
കേസിൽ നിർണായകമാവുക ഉപഗ്രഹ ചിത്രങ്ങൾ
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ പുക പോലെ തന്നെ ശക്തമാണ് ദുരൂഹതയും. ബ്രഹ്മപുരത്ത് അട്ടിമറി സംശയം നിലനിൽക്കുമ്പോൾ അതിന് ബലമേകുന്ന സംശയകരമായ സാഹചര്യങ്ങൾ ഏറെയുണ്ട്. ഫയർഫോഴ്‌സിനെ വിളിക്കാൻ വൈകിയത് മുതൽ ആദ്യം തീ ഉയർന്ന സ്ഥലത്തെ പ്രത്യേകത വരെ ദുരൂഹത നീണ്ടു നിൽക്കുന്നു.
110 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ബ്രഹ്മപുരം മാലിന്യ പ്ലാന്റ്. മാർച്ച് രണ്ടിന് വൈകിട്ട് മൂന്ന് നാൽപതഞ്ചോടെയാണ് തീ ഉയരുന്നത്. 4.15 ഓടെ ഫയർഫോഴ്സിന് വിവരം ലഭിച്ചു. ആരോപണ വിധേയരായ സോണ്ട കമ്പനിയുടെ അസിസ്റ്റന്റ് മാനേജരാണ് ഫയർഫോഴ്‌സിനെ വിളിച്ചത്. തീപിടുത്തമുണ്ടായി ഫയർഫോഴ്‌സിനെ വിളിക്കാൻ എടുത്ത അരമണിക്കൂർ സമയം സംശയമുണ്ടാക്കുന്നു. വിളിക്കാൻ വൈകിയതാണോ അതോ തീപിടിത്തം ശ്രദ്ധയിൽപ്പെടാൻ വൈകിയതോ ? ജീവനക്കാർ അടക്കം 48 പേർ സംഭവ സമയത്ത് ബ്രഹ്മപുരത്തുണ്ട്.ഇവരാരും തീപിടിച്ചത് അറിഞ്ഞില്ലേ എന്ന ചോദ്യവും പ്രസക്തമാണ്.
ഈ വർഷം ഇത് മൂന്നാം തവണയാണ് തീപിടുത്തമുണ്ടാകുന്നത്. കഴിഞ്ഞ രണ്ട് തവണയും തീ ഉയർന്നത് ഒറ്റപ്പെട്ട സ്ഥലത്ത്. അന്ന് ആറുമണിക്കൂർ കൊണ്ട് തീ അണയ്ക്കാനായി. ഇത്തവണ 12 ദിവസം എടുത്തതാണ് തീ അണച്ചത്.അതായത് തീപിടുത്തം ആരംഭിച്ച സ്ഥലത്ത് തീ ആളിപ്പടരാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നു. പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള കാറ്റിന്റെ ദിശ,പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂന ഇതെല്ലാം തീ കത്തിപ്പടരാൻ കാരണമായി. ഇങ്ങനെ ഒരു സ്ഥലത്ത് തന്നെ തീ ഉയർന്നതും സംശയകരമാണ്.
പൊലീസ് അന്വേഷണത്തിൽ വഴിതിരിവാകുമെന്ന് കരുതിയിരുന്നത് സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് റിപ്പോർട്ടുമാണ്. എന്നാൽ രണ്ടിനും പരിമിതികളുണ്ട്. 6 സിസിടിവിദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. ഇതിൽ ഒരെണ്ണത്തിൽ പുക ഉയരുന്നത് കാണാം. എന്നാൽ ആൾ സാന്നിധ്യം തിരിച്ചറിയാനായിട്ടില്ല. ഫോറൻസിക് പരിശോധനക്കുള്ള സാമ്പിൾ സ്ഥലത്ത് നിന്ന് ശേഖരിച്ചിട്ടുണ്ട്.
തീയണക്കാനായി മാലിന്യം ഹിറ്റാച്ചി കൊണ്ട് ഇളക്കി മറിച്ചതിനാൽശരിയായ പരിശോധന ഫലം ലഭിക്കാൻ സാധ്യതയില്ലെന്ന് വിദഗ്ധർ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് നാസയുടെ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. കത്തിയതാണോ കത്തിച്ചതാണോ എന്ന ചോദ്യത്തിന് ഉപഗ്രഹ ചിത്രത്തിലൂടെ കൃത്യമായ മറുപടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
Adjust Story Font
16