പുതിയ ശമ്പള ഉത്തരവിൽ അപാകതയില്ല; വിവാദമുണ്ടാക്കേണ്ട ആവശ്യമില്ലെന്ന് ഗതാഗതമന്ത്രി
മാനേജ്‌മെന്റിന്റെ തീരുമാനത്തെ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കെഎസ്‌ആർടിസി ജീവനക്കാർ
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള ഉത്തരവിൽ യൂണിയനുകൾ ആവശ്യപ്പെട്ടാൽ ചർച്ചയാകാമെന്ന് മന്ത്രി ആന്റണി രാജു. പുതിയ ശമ്പള ഉത്തരവിൽ അപാകതയില്ല. മാനേജ്മെന്റ് തീരുമാനത്തിൽ ആരെയും നിർബന്ധിക്കില്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു.
"ആശങ്കയുണ്ടെങ്കിൽ ചർച്ചക്ക് തയ്യാറാണ്. ഇതുവരെ ആശങ്കയുണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. അംഗീകൃത യൂണിയനുകൾ ഇക്കാര്യം ആവശ്യപ്പെട്ടാൽ ചർച്ച ചെയ്യുന്നതിന് തടസമൊന്നുമില്ല. ടാർഗറ്റും പുതിയ ഉത്തരവും തമ്മിൽ ബന്ധമില്ല. പ്രായോഗിക തീരുമാനത്തെ തള്ളിക്കളയേണ്ട ആവശ്യവുമില്ല"; മന്ത്രി പറഞ്ഞു. വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും ശമ്പള ഉത്തരവിൽ അപാകതയില്ലെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസി ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പള വിതരണം പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചതിന് പിന്നാലെയാണ് ജീവനക്കാർ എതിർപ്പുമായി രംഗത്തെത്തിയത്. ശമ്പളത്തിന്റെ 65 ശതമാനം ആദ്യ ഗഡുവായി വിതരണം ചെയ്യും. ബാക്കി തുക അടുത്ത ഗഡുക്കളായും നൽകുമെന്നാണ് പുതിയ ഉത്തരവിൽ അറിയിച്ചിരുന്നത്.
മാനേജ്‌മെന്റിന്റെ തീരുമാനത്തെ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ജീവനക്കാർ. മുഴുവൻ ശമ്പളവും അഞ്ചാം തീയതി തന്നെ നൽകണമെന്നാണ് യൂണിയന്റെ ആവശ്യം. മാനേജ്‌മെന്റ് നിലപാടിനെതിരെ ഇന്നലെ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങൾ ഇന്നും തുടരാനാണ് യൂണിയനുകളുടെ തീരുമാനം. ശമ്പളം ഗഡുക്കളായി വിതരണം ചെയ്യുക എന്നതിനപ്പുറത്തേക്ക് തങ്ങൾക്കൊന്നും ചെയ്യാനാവില്ലെന്നാണ് മാനേജ്‌മെന്റ് ആവർത്തിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി അത്രത്തോളം രൂക്ഷമാണെന്നും സർക്കാർ സഹായം ലഭിക്കുന്ന മുറയ്ക്കല്ലാതെ മുഴുവൻ ശമ്പളവും നൽകാനാവില്ലെന്നും മാനേജ്‌മെന്റ് കൂട്ടിച്ചേർക്കുന്നു.
നിലവിലെ പശ്ചാത്തലത്തിൽ സമരം കടുപ്പിക്കുക എന്ന നീക്കത്തിലേക്ക് കടക്കുകയാണ് തൊഴിലാളി സംഘടനകൾ. 28ാം തീയതി ചീഫ് ഓഫീസുകളിലേക്ക് സിഐടിയും മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനവ്യാപകമായി പ്രതിഷേധം വിപുലപ്പെടുത്തതിനുള്ള ആലോചനയിലാണ് ടിഡിഎസും ബിഎംഎസും. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം മാത്രം കേന്ദ്രീകരിച്ച് നടന്നിരുന്ന പ്രതിഷേധം സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ശമ്പള ഉത്തരവിന്റെ പകർപ്പ് കത്തിച്ച് ജീവനക്കാർ പ്രതിഷേധിച്ചു. കൊല്ലത്ത് സിഎംഡി ബിജു പ്രഭാകറിന്റെ കോലം കത്തിച്ചായിരുന്നു സിഐടിയു പ്രതിഷേധം.
Adjust Story Font
16