'അവർക്ക് കള്ളി മനസ്സിലായി, മൂന്നാമത്തെ ടേമും അപകടമാണെന്ന്'; സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ചതിൽ എം.വി ഗോവിന്ദൻ
കോൺഗ്രസ് നേതൃത്വം നൽകുന്ന മതേതര ചേരിക്കൊപ്പം സിപിഐ നിൽക്കണമെന്ന് എം.കെ മുനീർ
എറണാകുളം: സി.പി.ഐനെ യു.ഡി.എഫിലേക്ക് ക്ഷണിച്ച എം.കെ മുനീർ എം.എൽ.എയ്ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇടതുമുന്നണി മൂന്നാം തവണയും തുടർഭരണത്തിലെത്തുമെന്ന് യു.ഡി.എഫ് മനസ്സിലാക്കിയിട്ടുണ്ടെന്ന് എം.വി ഗോവിന്ദൻ വ്യക്തമാക്കി. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിലാണ് എം.വി ഗോവിന്ദന്റെ പ്രതികരണം.
'അവർക്ക് കള്ളി മനസ്സിലായി മൂന്നാമത്തെ ടേമും അവർക്ക് അപകടം തന്നെയാണെന്ന്, ഒരു കാര്യവുമില്ല, സിപിഐ-സിപിഎം കൂട്ടുകെട്ട് ഇന്ത്യയിലെ പ്രധാനപ്പെട്ട ഇടതുപക്ഷ ഐക്യമാണ്, കേരളത്തിൽ പിന്നെ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ'- എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് നേതൃത്വം നൽകുന്ന മതേതര ചേരിക്കൊപ്പം സിപിഐ നിൽക്കണമെന്നാണ് എം.കെ മുനീർ എം.എൽ.എ ആവശ്യപ്പെട്ടത്. ഭാരത് ജോഡോ യാത്രയിൽ സിപിഐ ചേർന്നത് മാതൃകാപരമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിനെ സഹായിക്കുന്ന നിലപാടിലേക്ക് സിപിഐ മാറണം. ബിജെപിക്കെതിരെയുള്ള സിപിഎം നിലപാട് ദുരൂഹമാണെന്നും എം.കെ മുനീർ ചെന്നൈയിൽ പറഞ്ഞു.
അതേസമയം, മൈക്ക് ഓപ്പറേറ്റർമാരുടെ പ്രതിഷേധത്തിലും എം.വി ഗോവിന്ദൻ പ്രതികരിച്ചു. തങ്ങളങ്ങനെ ഭയപ്പെടുന്ന കൂട്ടത്തിലൊന്നുമല്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ''പൊതുയോഗത്തിൽ സ്റ്റേജിൽ സംസാരിക്കുമ്പോഴാണോ രഹസ്യം പറയുക?, രഹസ്യം പറഞ്ഞാലാണ് അപകടം, ഇത് ജനങ്ങളെല്ലാം കേട്ടത്കൊണ്ട് യാതൊരു പ്രശ്നവുമില്ല, അയാൾക്കതിൽ അസ്വാഭാവികമായി ഒന്നും തോന്നിയിട്ടില്ല, പിന്നെ നിങ്ങളെല്ലാം ചേർന്ന് ജാഥയ്ക്കെതിരായി വാർത്ത വരണമല്ലോ?, മൈക്ക് സെറ്റ്കാരനെയെങ്കിലും പിടിച്ചേക്കാം എന്ന് വിചാരിച്ച് ഉൽപ്പാദിപ്പിച്ച വാർത്തയാണത്''- എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. 'നിന്റെ മൈക്കിന്റെ തകരാറിനു ഞാനാണോ ഉത്തരവാദി' എന്നു ചോദിച്ച ഗോവിന്ദൻ, മൈക്ക് ഓപ്പറേറ്ററെ വേദിയിൽ നിന്ന് ഇറക്കിവിട്ടിരുന്നു. സംഭവം വിവാദമായതിനു പിന്നാലെ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയിട്ടില്ലെന്നും ക്ലാസെടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16