പേട്ടയിൽ കുട്ടിയെ കാണാതായ കേസിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി
ഡി.എൻ.എ പരിശോധനക്ക് ശേഷം ശിശുക്ഷേമ സമിതി കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറി
തിരുവനന്തപുരം: പേട്ടയിൽ കുട്ടിയെ കാണാതായ കേസിൽ പ്രതി ഹസ്സൻകുട്ടിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കുട്ടിയെ തട്ടിയെടുത്ത സ്ഥലത്തും തിരികെ ലഭിച്ച സ്ഥലത്തുമടക്കം തെളിവെടുപ്പ് നടന്നു. ശിശുക്ഷേമ സമിതി കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറി. ഡി.എൻ.എ പരിശോധനയിൽ കുട്ടിക്കൊപ്പമുള്ളവർ തന്നെയാണ് യഥാർത്ഥ മാതാപിതാക്കളെന്ന് കണ്ടെത്തിയതോടെയാണ് തീരുമാനം.
പ്രതി ഹസ്സൻകുട്ടിയെ ഇന്നലെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിച്ചതോടെയാണ് പൊലീസ് തെളിവെടുപ്പ് ആരംഭിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ഓൾ സെയ്ന്റ്‌സ് കോളേജിന്റെ പിറകുവശം, പ്രതി കുട്ടിയുമായി നടന്നുപോയെന്ന് കണ്ടെത്തിയ റെയിൽവേ പാളം, സമീപ പ്രദേശങ്ങൾ, കുട്ടിയെ കണ്ടെത്തിയ ബ്രഹ്മോസിന് പുറകിലുള്ള ഓടയും പരിസര പ്രദേശങ്ങളും. തെളിവെടുപ്പ് ഇങ്ങനെ നീണ്ടു. ഒപ്പം ഒരിക്കൽക്കൂടി ഫൊറൻസിക് സംഘവുമുണ്ടായി. തെളിവെടുപ്പ് നാളെയും നീളുമെന്ന് പൊലീസ് അറിയിച്ചു.
കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും കണ്ടെത്തിയതിനും ഇടയിൽ പ്രതി കുട്ടിയുമായി ഒളിച്ചിരുന്ന സ്ഥലങ്ങളെക്കുറിച്ച് പൊലീസിന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇക്കാര്യവും പരിശോധിക്കും. ഇതിനായി പ്രതിയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്.
ഇതിനിടയിലാണ് കുട്ടിയെ മാതാപിതാക്കൾക്ക് തിരികെ നൽകിയത്. ശിശുക്ഷേമ സമിതിയുടെ തൈക്കാടുള്ള ചിൽഡ്രൻസ് ഹോമിലായിരുന്നു ഇത്ര ദിവസവും കുട്ടി. ഡി.എൻ.എ പരിശോധന പോസിറ്റീവ് ആയതോടെയാണ് കുട്ടിയെ തിരികെ നൽകാൻ തീരുമാനിച്ചത്. ഇനി കുട്ടിയുമായി മാതാപിതാക്കൾക്ക് കേരളം വിടുകയും ചെയ്യാം. അന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിച്ചാൽ വരണമെന്ന നിർദേശവും പൊലീസ് ഇവർക്ക് നൽകിയിട്ടുണ്ട്.
Adjust Story Font
16