കിടങ്ങൂർ പഞ്ചായത്തിലെ ബി.ജെ.പി കൂട്ടുകെട്ട്; തോമസ് മാളിയേക്കലിനെ കേരളാ കോൺഗ്രസ് (ജോസഫ്) പുറത്താക്കി
തോമസ് മാളിയേക്കലിനോട് പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു.
കോട്ടയം: ബി.ജെ.പി പിന്തുണയോടെ കോട്ടയം കിടങ്ങൂർ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം നേടിയ തോമസ് മാളിയേക്കലിനെ കേരള കോൺഗ്രസ് (ജോസഫ്) പുറത്താക്കി. കുഞ്ഞുമോൾ ടോമി, സിബി സിമി എന്നിവരെയും പാർട്ടിയിൽനിന്ന് പുറത്താക്കി. ചെയർമാൻ പി.ജെ ജോസഫാണ് നടപടിയെടുത്തത്. തോമസ് മാളിയേക്കലിനോട് യു.ഡി.എഫ് നേരത്തെ പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നു.
കിടങ്ങൂരിൽ ജോസഫ് വിഭാഗത്തെ ബി.ജെ.പി പിന്തുണച്ചതോടെ എൽ.ഡി.എഫിന് ഭരണം നഷ്ടമായിരുന്നു. കേരള കോൺഗ്രസ് (എം)-സി.പി.എം ധാരണപ്രകാരം പ്രസിഡന്റ് രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവിൽ എൽ.ഡി.എഫിനായിരുന്നു പഞ്ചായത്ത് ഭരണം.
എൽ.ഡി.എഫിൽ കേരളാ കോൺഗ്രസിന് നാലും സി.പി.എമ്മിന് മൂന്നും അംഗങ്ങളാണ് ഉണ്ടായിരുന്നത്. ബി.ജെ.പിക്ക് അഞ്ചും യു.ഡി.എഫിന് മൂന്നും അംഗങ്ങളുണ്ടായിരുന്നു. കേരള കോൺഗ്രസ് (എം)-സി.പി.എം ധാരണപ്രകാരം സി.പി.എം പ്രതിനിധിയായിരുന്നു തെരഞ്ഞെടുക്കപ്പെടേണ്ടിയിരുന്നത്. എന്നാൽ നാടകീയ നീക്കത്തിലൂടെ ബി.ജെ.പി പിന്തുണയിൽ യു.ഡി.എഫ് അധികാരം നേടുകയായിരുന്നു.
Adjust Story Font
16