Quantcast

പി.എസ് സ്മാരകത്തിൽ പൊതുദർശനം ആരംഭിച്ചു; കാനത്തിന് അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങൾ

ന​ഗരത്തിലൂടെയുള്ള വിലാപയാത്രയ്ക്ക് ശേഷമാണ് പി.എസ് സ്മാരകത്തിൽ മൃതദേഹം എത്തിച്ചത്.

MediaOne Logo

Web Desk

  • Updated:

    2023-12-09 07:20:54.0

Published:

9 Dec 2023 6:16 AM GMT

Thousands to pay their last respects to Kanam rajendran in ps smarakam thiruvananthapuram
X

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം എ.ഐ.ടി.യു.സി ആസ്ഥാനമായ തിരുവനന്തപുരം പട്ടത്തെ പി.എസ് സ്മാരകത്തിൽ എത്തിച്ചു. 11.15ഓടെ എത്തിച്ച് പൊതുദർശനം ആരംഭിച്ച മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ പാർട്ടി പ്രവർത്തകരും സിപിഐയിലേയും മറ്റു പാർട്ടികളിലേയും നേതാക്കളുമടക്കം ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ, മുൻ പ്രതിപക്ഷ നേതാവും കോൺ​ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ​ഗോപകുമാർ തുടങ്ങി നിരവധി നേതാക്കളും മറ്റു പ്രമുഖരും അന്തിമോപചാരം അർപ്പിച്ചു. പത്തിന് പൊതുദർശനം ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും വൈകുകയായിരുന്നു.

കൊച്ചി അമൃത ആശുപത്രിയിൽ നിന്നും എട്ടരയോടെയാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്. അവിടെ നിന്നും എയർ ആംബുലൻസിൽ പത്ത് മണിയോടെയാണ് തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെത്തിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി 10.30ഓടെയാണ് പ്രത്യേക ആംബുലൻസിൽ പട്ടത്തേക്ക് കൊണ്ടുപോയത്. ന​ഗരത്തിലൂടെയുള്ള വിലാപയാത്രയ്ക്ക് ശേഷമാണ് പി.എസ് സ്മാരകത്തിൽ മൃതദേഹം എത്തിച്ചത്.

ഉച്ചയ്ക്ക് രണ്ട് മണി വരെ പൊതുദർശനത്തിന് വയ്ക്കുമെന്നാണ് മുമ്പ് അറിയിച്ചിരുന്നതെങ്കിലും‌ നീളാനാണ് സാധ്യത. നേരത്തെ, വിമാനത്താവളത്തിൽ നിന്ന് ആദ്യം ഇടപ്പഴഞ്ഞിയിലെ വീട്ടിലേക്ക് മൃതദേഹം എത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഇത് മാറ്റുകയും നേരെ പി.എസ് സ്മാരകത്തിലേക്ക് പൊതുദർശനത്തിന് എത്തിക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു.

ഇവിടുത്തെ പൊതുദർശനത്തിന് ശേഷം പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിൽ വിലാപ യാത്രയായി മൃതദേഹം കോട്ടയത്ത് എത്തിക്കും. സിപിഐ ജില്ലാ കൗൺസിൽ ഓഫീസിലെ പൊതുദർശനത്തിന് ശേഷമായിരിക്കും വാഴൂരിലെ വീട്ടിൽ മൃതദേഹം എത്തിക്കുക. നാളെ രാവിലെ 11ന് വീട്ടുവളപ്പിലാണ് സംസ്കാരം.

ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കാനത്തിന്റെ അന്ത്യം. 73 വയസായിരുന്നു. അനാരോഗ്യംമൂലം സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. പിന്നാലെയാണ് മരണം.

TAGS :

Next Story