Quantcast

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ട്വന്റി-ട്വന്റി-ആം ആദ്മി പിന്തുണ ആർക്കെന്ന് അരവിന്ദ് കെജ്‌രിവാൾ ഇന്ന് പ്രഖ്യാപിക്കും

ട്വന്റി ട്വന്റിയുടെ പിന്തുണ തേടുന്നത് സംബന്ധിച്ച് കോൺഗ്രസിൽ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് നേതാക്കളുടെ വാക്കുകൾ സൂചിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-05-15 01:21:45.0

Published:

15 May 2022 1:20 AM GMT

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ട്വന്റി-ട്വന്റി-ആം ആദ്മി പിന്തുണ ആർക്കെന്ന് അരവിന്ദ് കെജ്‌രിവാൾ ഇന്ന് പ്രഖ്യാപിക്കും
X

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ പുരോഗമിക്കെ ട്വന്റി ട്വന്റി-ആം ആദ്മി പിന്തുണ ആർക്കെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് പ്രഖ്യാപിക്കും. കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകരുടെ സംഗമത്തിലാകും കെജ്‌രിവാളിന്റെ പ്രഖ്യാപനം. യുഡിഎഫിനും എൽഡിഎഫിനും ബദലായി നാലാം മുന്നണിയുടെ സാധ്യതയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ട്വന്റി-ട്വന്റിയുമായുള്ള സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇന്ന് ട്വന്റി ട്വന്റിയുടെ നേതൃത്വത്തിൽ കിഴക്കമ്പലത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ അരവിന്ദ് കെജ്‌രിവാൾ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സ്വീകരിക്കുന്ന നിലപാടും യോഗത്തിൽ തന്നെ പ്രഖ്യാപിക്കാനാണ് സാധ്യത. പരസ്യമായി ഇരുമുന്നണികൾക്കും പിന്തുണ നൽകാതെ, മനഃസാക്ഷിയുടെ വോട്ടെന്ന ലൈൻ സ്വീകരിക്കുമെന്നാണ് നേതൃത്വം നൽകുന്ന സൂചന. ആദ്യ ഘട്ടത്തിൽ ട്വന്റി ട്വന്റിയും, ആം ആദ്മിയും സംയുക്തമായി സ്ഥാനാർഥിയെ രംഗത്തിറക്കാൻ ആലോചിച്ചെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.

ട്വന്റി ട്വന്റിയുടെ പിന്തുണ തേടുന്നത് സംബന്ധിച്ച് കോൺഗ്രസിൽ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് നേതാക്കളുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. ട്വന്റി ട്വന്റി പിന്തുണ തന്നാൽ സ്വാഗതം ചെയ്യുമെന്ന് കെ മുരളീധരൻ പ്രഖ്യാപിച്ചെങ്കിലും, ട്വന്റി ട്വന്റിയോട് പി.ടി.തോമസിന് ഉണ്ടായിരുന്ന എതിർപ്പ് തുടരുന്നുവെന്നായിരുന്നു ബെന്നി ബഹനാൻ മീഡിയവൺ 'എഡിറ്റോറിയലിൽ' വ്യക്തമാക്കിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ 13897 വോട്ടുകൾ ട്വന്റി ട്വന്റി നേടിയിരുന്നതിനാൽ, ട്വന്റി ട്വന്റി- ആം ആദ്മി സഖ്യത്തിന്റെ പിന്മാറ്റവും, പിന്തുണയും ഇരു മുന്നണികളുടേയും ജയപരാജയങ്ങളിൽ നിർണായകമാകും. അതേസമയം ഇന്നലെ വൈകീട്ടോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ അരവിന്ദ് കെജ്‌രിവാളിന് ആവേശോജ്വലമായ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്.

TAGS :

Next Story