കോട്ട നിലനിർത്തുമെന്ന് യു.ഡി.എഫ്, അട്ടിമറി വിജയം നേടുമെന്ന് എൽ.ഡി.എഫ്; തൃക്കാക്കരയുടെ ജനമനസ് നാളെ അറിയാം
വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ; ഉച്ചയോടെ അന്തിമ ചിത്രവും തെളിയും
തൃക്കാക്കര: ഉപതെരഞ്ഞെടുപ്പിന്റെ ജനവിധി നാളെയറിയാം. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ. അട്ടിമറി നടക്കുമെന്ന് എൽ.ഡി.എഫും കോട്ട പിടിച്ചുനിർത്തുമെന്ന് യു.ഡി.എഫും ഇപ്പോഴും ആത്മവിശ്വാസം കൊള്ളുന്നുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ വിലയിരുത്തലാകുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.
എട്ട് മണിക്ക് ആദ്യം എണ്ണുക പോസ്റ്റൽ വോട്ടുകളാണ്. 8.15 ഓടെ ആദ്യ ഫല സൂചനകൾ പുറത്തുവരും. ഒമ്പത് മണിയോടെ തൃക്കാക്കര ചായുന്നത് ഏത് വശത്തേക്കാണെന്ന് ഏറെക്കുറെ വ്യക്തമാകും. ഉച്ചയോടെ അന്തിമ ചിത്രവും തെളിയും. 68.77 ശതമാനമാണ് തൃക്കാക്കരയിലെ പോളിങ് ശതമാനം. കഴിഞ്ഞ തവണത്തേതിനേക്കാൾ കുറവ് പോളിങ് ശതമാനമാണത്. ഇത് മുന്നണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും തങ്ങളുടെ വോട്ടുകൾ പോൾ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് മുന്നണികളുടെ അവകാശവാദം. അതിനാൽ അവരുടെ വിജയപ്രതീക്ഷയിൽ യാതൊരു കുറവുമില്ല.
തൃക്കാക്കര പിടിച്ചുനിർത്താനായാൽ യു.ഡി.എഫിനുണ്ടാവുക വലിയ നേട്ടമാണ്. പുതിയ പ്രതിപക്ഷത്തിന്റെ വിജയമായി കൂടി അതിനെ വിലയിരുത്തപ്പെടും. കെ. റെയിലുൾപ്പെടെയുള്ള വിഷയങ്ങളിലെ സർക്കാർ നിലപാടിനെതിരായ കടുത്ത പ്രഹരം കൂടിയാകും അത്. മറിച്ച് എൽ.ഡി.എഫ് മണ്ഡലം പിടിച്ചാൽ അത് വൻ ചരിത്രമാകും. സർക്കാരിന്റെ വലിയ പ്രതിച്ഛായയായി വിലയിരുത്തപ്പെടും. രണ്ടാം പിണറായി സർക്കാരിന് കിട്ടുന്ന വലിയ ഊർജവുമാകും.
എറണാകുളം മഹാരാജാസ് കോളജാണ് വോട്ടെണ്ണൽ കേന്ദ്രം. വിപുലമായ ഒരുക്കങ്ങളാണ് വോട്ടെണ്ണലിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുള്ളത്. വോട്ടെണ്ണലിന്റെ ഓരോ വിവരങ്ങളും കൃത്യതയോടെ പ്രേക്ഷകരിലെത്തിക്കാൻ മീഡിയവണും പൂർണ സജ്ജമായിക്കഴിഞ്ഞിട്ടുണ്ട്.
Adjust Story Font
16