Quantcast

84ല്‍ മഹാരാജാസിന്‍റെ വൈസ് ചെയര്‍പേഴ്സണ്‍, പിന്നീട് പി.ടിയുടെ ജീവിതസഖി... ആരാണ് ഉമ തോമസ്?

സഹതാപതരംഗം മണ്ഡലത്തിൽ വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍

MediaOne Logo

Web Desk

  • Updated:

    2022-05-03 11:51:22.0

Published:

3 May 2022 11:32 AM GMT

84ല്‍ മഹാരാജാസിന്‍റെ വൈസ് ചെയര്‍പേഴ്സണ്‍, പിന്നീട് പി.ടിയുടെ ജീവിതസഖി... ആരാണ് ഉമ തോമസ്?
X

കൊച്ചി: പതിവില്‍ നിന്ന് വിരുദ്ധമായി കോണ്‍ഗ്രസ് വളരെ വേഗം തൃക്കാക്കരയില്‍ ഒറ്റപ്പേരിലെത്തി. ഉമ തോമസ് എന്ന പി.ടി തോമസിന്‍റെ ജീവിതസഖിയെയാണ് കോണ്‍ഗ്രസ് തൃക്കാക്കര മണ്ഡലം നിലനിര്‍ത്താന്‍ നിയോഗിച്ചിരിക്കുന്നത്.

കെ.എസ്.യുവിലൂടെയാണ് ഉമ തോമസ് പൊതുരംഗത്ത് പ്രവര്‍ത്തനം തുടങ്ങിയത്. എറണാകുളം മഹാരാജാസ് കോളജില്‍ പഠിക്കുമ്പോഴായിരുന്നു രാഷ്ട്രീയ പ്രവേശം. 1980 മുതല്‍ 1985 വരെ മഹാരാജാസിലാണ് ഉമ തോമസ് പ്രീഡിഗ്രി, ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്.

82ൽ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു.വിന്‍റെ പാനലിൽ വനിതാ പ്രതിനിധിയായി വിജയിച്ചു. 84ൽ കെ.എസ്.യു.വിന്റെ പാനലിൽ മഹാരാജാസ് കോളജില്‍ വൈസ് ചെയർമാൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്ന പി.ടി തോമസിന്റെ ജീവിത സഖിയായി മാറി. 1987 ജൂലൈ 9നായിരുന്നു വിവാഹം.

ബി.എസ്.സിക്ക് സുവോളജിയായിരുന്നു വിഷയം. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഫിനാൻസ് ഡിപാർട്ട്മെന്‍റില്‍ അസിസ്റ്റന്‍റ് മാനേജറായി ജോലി ചെയ്തു. രണ്ട് മക്കളാണുള്ളത്. ഡോ.വിഷ്ണു തോമസ് (അസി.പ്രൊഫസർ, അൽ അസർ ഡെന്റൽ കോളേജ്, തൊടുപുഴ), വിവേക് തോമസ് (നിയമ വിദ്യാർഥി, ഗവ.ലോ കോളേജ്, തൃശൂർ)

പൊതുവേദിയില്‍ ഉമ തോമസ്

ഉമ തോമസ് കഴിഞ്ഞ ദിവസം പൊതുവേദിയിലെത്തി. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് നടന്‍ രവീന്ദ്രന്‍ നടത്തുന്ന സത്യാഗ്രഹസമരത്തിലാണ് ഉമ തോമസ് പങ്കെടുത്തത്. എറണാകുളം ഗാന്ധി സ്‌ക്വയറില്‍ ഫ്രണ്ട്‌സ് ഓഫ് പി.ടി ആന്റ് നേച്ചര്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് രവീന്ദ്രന്‍ സത്യഗ്രഹ സമരം നടത്തിയത്. "പി.ടി തോമസ് ഉണ്ടായിരുന്നു എങ്കില്‍ നടിക്കൊപ്പം ഉറച്ച് നിന്നേനെ. സംഭവ ദിവസം പി.ടി തോമസ് അനുഭവിച്ച സമ്മര്‍ദം നേരിട്ട് കണ്ടിട്ടുണ്ട്. കേസില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയത് പ്രതികളെ രക്ഷപ്പെടുത്താനുള്ള കുതന്ത്രമാണ്"- എന്നാണ് ഉമ തോമസ് പറഞ്ഞത്.

ഒറ്റപ്പേരിലെത്തി കോണ്‍ഗ്രസ്, പ്രഖ്യാപനം ഉടന്‍

ഉമ തോമസിന്‍റെ പേരാണ് തൃക്കാക്കര മണ്ഡലത്തിൽ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ആദ്യ ഘട്ടം മുതല്‍ പരിഗണിച്ചത്. സഹതാപതരംഗം മണ്ഡലത്തിൽ വോട്ടായി മാറുമെന്നാണ് പാര്‍ട്ടി വിലയിരുത്തിയത്. മത്സര സാധ്യത ഉമ തോമസും തള്ളിയില്ല. വ്യക്തിപരമായി ഏറെ പരിചയമുള്ള മണ്ഡലമാണ്. പാര്‍ട്ടി തീരുമാനം വരാതെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതികരിക്കാനില്ലെന്നാണ് ഉമ തോമസ് ഇന്നു രാവിലെ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പി.ടി തോമസ് അച്ചടക്കമുള്ള കോൺഗ്രസ് പ്രവര്‍ത്തകനായിരുന്നു. ആ അച്ചടക്കം തുടരണം എന്നാണ് ആഗ്രഹിക്കുന്നത്. താന്‍ ഉറച്ച ഈശ്വരവിശ്വാസിയാണെന്നും നല്ലത് പ്രതീക്ഷിക്കുന്നതായും ഉമ തോമസ് പറയുകയുണ്ടായി.

കോണ്‍ഗ്രസില്‍ ഭിന്നത

ഇതിനിടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസിലെ ഭിന്നത മറനീക്കി പുറത്തുവന്നു. തൃക്കാക്കരയിൽ സഹതാപതരംഗം വിലപ്പോവില്ലെന്നും സാമൂഹ്യ സാഹചര്യങ്ങൾ പരിഗണിച്ചായിരിക്കണം സ്ഥാനാര്‍ഥി നിര്‍ണയമെന്നും ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡൊമനിക് പ്രസന്‍റേഷന്‍ പ്രതികരിക്കുകയുണ്ടായി. അതേസമയം ഒറ്റപ്പെരിലെത്തിയെന്നും സ്ഥാനാര്‍ഥിയെ ഹൈകമാന്‍ഡ് ഉടന്‍ പ്രഖ്യാപിക്കുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ യോഗത്തിനു ശേഷം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് തൃക്കാക്കരയിലെ സ്ഥാനാര്‍ഥി ആരെന്ന് സംബന്ധിച്ച് അന്തിമ തീരുമാനമായത്.

എന്നും 'കൈ' പിടിച്ച മണ്ഡലം

തൃക്കാക്കര മണ്ഡലം രൂപീകരിച്ചതിന് ശേഷം ഒരിക്കല്‍പ്പോലും യു.ഡി.എഫിനെ കൈവിട്ടിട്ടില്ലെന്നതാണ് രാഷ്ട്രീയ ചിത്രം. 2021ല്‍ എല്‍.ഡി.എഫ് തരംഗം സംസ്ഥാനത്ത് ആഞ്ഞടിച്ചപ്പോഴും തൃക്കാക്കര യു.ഡി.എഫിനൊപ്പം ഉറച്ച് നിന്നു. കൊച്ചി നഗരസഭയിലെ 23 ഡിവിഷനുകളും ഒപ്പം തൃക്കാക്കര നഗരസഭയും അടങ്ങിയതാണ് മണ്ഡലം. മെയ് 31നാണ് വോട്ടെടുപ്പ് നടക്കുക. ജൂണ്‍ 3നാണ് വോട്ടെണ്ണല്‍.

സെഞ്ച്വറി അടിക്കുമെന്ന് എല്‍.ഡി.എഫ്

അതേസമയം ഇത്തവണ എന്തായാലും തൃക്കാക്കര മണ്ഡലം പിടിച്ചെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എല്‍.ഡി.എഫ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമസഭയിൽ 99 സീറ്റുള്ള ഇടതുമുന്നണിക്ക് തൃക്കാക്കര പിടിച്ചെടുത്താൽ അംഗബലത്തിൽ സെഞ്ച്വറി അടിക്കാൻ കഴിയും. കെ റെയിൽ വിരുദ്ധ പ്രക്ഷോഭങ്ങൾ തണുപ്പിക്കാൻ ഇടതുമുന്നണിക്ക് വിജയം അനിവാര്യമാണ്. സംസ്ഥാന സർക്കാരിന്‍റെ വികസനനേട്ടങ്ങൾ ചർച്ചയാക്കണം എന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. സ്ഥാനാർഥിയെ വേഗത്തിൽ തീരുമാനിക്കണം. പ്രചാരണത്തിന് താൻ നേരിട്ട് എത്തുമെന്നും മുഖ്യമന്ത്രി നേതാക്കളോട് പറഞ്ഞു. തൃക്കാക്കരയില്‍ മികച്ച വിജയം നേടുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഉടൻ തീരുമാനമെടുക്കും. പൊതുസ്വതന്ത്രനാകുമോയെന്ന ചോദ്യത്തിന് അത് പിന്നെ പറയാമെന്നും ഇ.പി ജയരാജൻ പ്രതികരിച്ചു.

Summary- Profile of Thrikkakkara UDF candidate Uma Thomas

TAGS :

Next Story