തൃക്കാക്കര യു.ഡി.എഫിന്റെ ഉറച്ച മണ്ഡലം; സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും: കെ.സുധാകരൻ
ആം ആദ്മി പാർട്ടിയും ട്വന്റി-20 പാർട്ടിയും സഖ്യമായി മത്സരിക്കുന്നത് അവരുടെ ബിസിനസ് ആണെന്ന് കെ സുധാകരൻ പറഞ്ഞു
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ നാളെ തീരുമാനിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. ചർച്ചകൾ തുടരുകയാണ്. സൗമ്യമായി തീരുമാനമുണ്ടാകും. തൃക്കാക്കര യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണെന്നും സുധാകരൻ പറഞ്ഞു.
തൃക്കാക്കരയിലെ വോട്ടർമാർ കഴിഞ്ഞകുറേ കാലമായി എവിടെയാണ് നിൽക്കുന്നതെന്ന് രാഷ്ട്രീയത്തിലുള്ള എല്ലാ ആളുകൾക്കുമറിയാം. അവിടെ അതിന് പോറലേൽക്കാവുന്ന ഒരു കാര്യവും യു.ഡി.എഫിന്റെയോ കോൺഗ്രസിന്റെയോ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എല്ലാ ജനവിഭാഗങ്ങളുടേയും വികാരങ്ങൾ ഉൾക്കൊണ്ടുകൊണ്ട് യു.ഡി.എഫ് മുന്നോട്ടുപോകും.
ആം ആദ്മി പാർട്ടിയും ട്വന്റി-20 പാർട്ടിയും സഖ്യമായി മത്സരിക്കുന്നത് അവരുടെ ബിസിനസ് ആണെന്ന് കെ സുധാകരൻ പറഞ്ഞു. അതിനെ പരിഗണിക്കുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു. കെജരിവാളും പിണറായി വിജയനും അടുത്ത സുഹൃത്തുക്കളാണെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, ആവട്ടെയെന്നായിരുന്നു മറുപടി.പിണറായി വിജയനും നരേന്ദ്രമോദിയും അടുത്ത സുഹൃത്തുക്കളല്ലേ. എത്ര നല്ല ബന്ധത്തിലാണ് അവർ പോകുന്നത്. അല്ലെങ്കിൽ ഈ കേസെല്ലാം ഇങ്ങനെ മുങ്ങിപ്പോകുമോ?. ആരോടും ലോഹ്യം കാട്ടാൻ അദ്ദേഹത്തിന് സാധിക്കും. അത് പിണറായി വിജയന്റെ വൈഭവമെന്നും കെ സുധാകരൻ പറഞ്ഞു.
അതേസമയം, തൃക്കാക്കരയിൽ മികച്ച വിജയം നേടുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ജനങ്ങൾ ഇടത് മുന്നണിക്കൊപ്പമാണ്. സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനം ഉടനെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.തൃക്കാക്കരയിൽ ഇടത് മുന്നണിയ്ക്ക് നല്ല സാധ്യതയെന്ന് മന്ത്രി പി.രാജീവ്.വികസന മുന്നണിയും, വികസന വിരുദ്ധ മുന്നണിയും തമ്മിലുള്ള മത്സരമാകും നടക്കുക.
കെ റെയിലിൽ അധികം സ്ഥലം ഏറ്റെടുക്കാതെ തന്നെ വികസനം നടക്കുന്ന മണ്ഡലമാണ് തൃക്കാക്കര. യു.ഡി.എഫ് സ്ഥാനാർഥി ആരെന്നത് ഇടതുപക്ഷത്തെ ബാധിക്കില്ല.വികസന കാര്യങ്ങളിൽ കേരളം ഒരു ബദലാണ്. അതിനാൽ ആം ആദ്മി - ട്വന്റി ട്വന്റി സംഖ്യത്തിന് സാധ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തോട് ഒപ്പം തൃക്കാക്കരയ്ക്ക് മുന്നേറാനുള്ള അവസരമാണിത്.ക റെയിലിന്റെ പ്രധാന സ്റ്റേഷൻ തൃക്കാക്കരയിലാണ്. അതിവേഗം വികസിക്കണമെന്ന നിലപാട് ഉള്ള മുന്നണിയ്ക്ക് ഒപ്പം തൃക്കാക്കരയിലെ വോട്ടർമാർ നിൽക്കുമെന്നാണ് പ്രതീക്ഷ. ഏറ്റവും യോഗ്യനായ സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഉപതെരഞ്ഞെടുപ്പിന്റെ ഏകോപന ചുമതല ഇ.പി ജയരാജനാണ്. പി.രാജീവും എം.സ്വരാജും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും.
Adjust Story Font
16