Quantcast

കാന്താ.. വേഗം പോകാം.. സിൽവർലൈനിൽ... പൂരം കാണാൻ...; തൃശൂരിലേക്ക് പൂരപ്രേമികളെ ക്ഷണിച്ച് കെ-റെയിൽ

കഴിഞ്ഞ രണ്ട് വർഷത്തെ ക്ഷീണം തീർക്കാൻ വരാനിരിക്കുന്നത് വൻ ആകാശവിസ്മയമാകുമെന്ന സൂചന നൽകിക്കൊണ്ടാണ് ഇന്നലെ തൃശൂരിൽ സാംപിൾ വെടിക്കെട്ട് നടന്നത്

MediaOne Logo

Web Desk

  • Updated:

    2022-05-09 09:46:59.0

Published:

9 May 2022 9:39 AM GMT

കാന്താ.. വേഗം പോകാം.. സിൽവർലൈനിൽ... പൂരം കാണാൻ...; തൃശൂരിലേക്ക് പൂരപ്രേമികളെ ക്ഷണിച്ച് കെ-റെയിൽ
X

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം കൊട്ടിക്കയറാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പൂരപ്രേമികളെ സ്വാഗതം ചെയ്ത് കെ-റെയിൽ കോർപറേഷൻ. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കെ-റെയിലിലൂടെ അതിവേഗത്തിൽ തൃശൂരിലെത്താൻ കോർപറേഷൻ പൂരപ്രേമികളെ ക്ഷണിച്ചിരിക്കുന്നത്. കെ-റെയിൽ വന്നാൽ സമയത്തിലും ട്രെയിൻ നിരക്കിലും വരാൻ പോകുന്ന മാറ്റം ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്ക് കുറിപ്പ്.

കേരളത്തിലെ വിവിധ നഗരങ്ങളിൽനിന്ന് പൂരങ്ങളുടെ നാട്ടിലേക്ക് അതിവേഗത്തിലെത്താമെന്ന് കുറിപ്പിൽ പറയുന്നു. ഓരോ നഗരങ്ങളിൽനിന്നും തൃശൂരിലെത്താൻ എടുക്കുന്ന സമയം, ദൂരം, ടിക്കറ്റ് നിരക്ക് എന്നിവ ഇതിൽ വിവരിക്കുന്നുണ്ട്. കെ-റെയിൽ കോർപറേഷൻ പുറത്തുവിട്ട ടിക്കറ്റ് നിരക്കും സമയവും ഇങ്ങനെയാണ്:

കെ-റെയിൽ വഴി തിരുവനന്തപുരത്തുനിന്ന് തൃശൂരിലെത്താൻ ഒരു മണിക്കൂർ 56 മിനുട്ടാണ് എടുക്കുക. 260 കി.മീറ്റർ ദൂരം താണ്ടാൻ നൽകേണ്ടത് 715 രൂപയാണ്. കൊച്ചിയിൽനിന്ന് തൃശൂരിലേക്ക് 64 കി.മീറ്ററാണ് ദൂരം. 176 രൂപ നൽകിയാൽ കെ-റെയിൽ വഴി വെറും 31 മിനുട്ട് കൊണ്ട് തൃശൂരിലെത്താനാകും.

കോഴിക്കോട്ടുനിന്ന് തൃശൂരിലേക്ക് കെ-റെയിൽ പാതയിൽ 98 കി.മീറ്ററാണ് ദൂരം. 269 രൂപ നൽകിയാൽ 44 മിനുട്ട് കൊണ്ട് കോഴിക്കോട്ടുനിന്ന് തൃശൂരിലെത്താം. കാസർകോട്ടുനിന്ന് കെ-റെയിലിൽ തൃശൂരിലെത്താൻ വേണ്ടത് ഒരു മണിക്കൂർ 58 മിനുട്ട് മാത്രമാണ്. 270 കി.മീറ്റർ ദൂരം താണ്ടാൻ വേണ്ടത് 742 രൂപയാണ്.

തൃശൂർ പൂരത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ച് ഇന്ന് പൂരം പുറപ്പാട് നടന്നു. രാവിലെ കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രത്തിൽനിന്ന് ഭഗവതി എഴുന്നള്ളി വടക്കുംനാഥ ക്ഷേത്രത്തിലെത്തി. പിന്നീട് തെക്കേഗോപുര നട തള്ളിത്തുറന്ന് പുറത്തേക്ക് വന്നു. നിലപാട് തറയിൽ എത്തി പൂരം വരവറിയിച്ചതോടെ 36 മണിക്കൂർ നീളുന്ന പൂരത്തിന് ഔദ്യോഗികമായി തുടക്കമാകുകയായിരുന്നു.

ഇന്നലെ രാത്രി നടന്ന സാംപിൾ വെടിക്കെട്ട് പൂരത്തിന്റെ മുഴുവൻ ആവേശവും ഉണർത്തുന്നതായിരുന്നു. രാത്രി എട്ടിന് പാറമേക്കാവ് വിഭാഗവും 8.45ന് തിരുവമ്പാടി വിഭാഗവും ദൃശ്യവിസ്മയത്തിന് തിരികൊളുത്തി. ബുധനാഴ്ച നടക്കാനിരിക്കുന്ന വെടിക്കെട്ട് ഗംഭീരമാകുമെന്ന സൂചന നൽകുന്നതായിരുന്നു സാംപിൾ വെടിക്കെട്ട്.

കഴിഞ്ഞ രണ്ട് കൊല്ലത്തെ ക്ഷീണം തീർക്കാൻ വരാനിരിക്കുന്നത് വൻ ആകാശ വിസ്മയമാകുമെന്ന സൂചന നൽകിക്കൊണ്ടാണ് സാംപിൾ വെടിക്കെട്ട് നടന്നത്. അമിട്ടുകളും കുഴിമിന്നലും ഡൈനയും എല്ലാം ചേർന്ന് പാറമേക്കാവ് ആദ്യം വരവറിയിച്ചു. ആറു മിനുട്ട് നീണ്ട കരിമരുന്ന് പ്രയോഗം. വെടിക്കെട്ട് ആസ്വാദകർക്കുള്ള വിഭവങ്ങൾ ഒരുക്കി പിന്നാലെ തിരുവമ്പാടിയുടെ ആകാശ വിസ്മയം.

വെടിക്കെട്ട് കൃത്യമായി കാണാൻ ആളുകൾക്ക് അവസരമൊരുക്കാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സ്വരാജ് റൗണ്ടിലേക്ക് വരുന്ന വഴികളിൽനിന്നാണ് ഇത്തവണ ആളുകൾ വെടിക്കെട്ട് കണ്ടത്.

Summary: Kerala Rail Development Corporation invites Pooram lovers to reach Thrissur faster

TAGS :

Next Story