Quantcast

പൂരം കലക്കല്‍; അടിയന്തര പ്രമേയത്തിന് അനുമതി,രണ്ട് മണിക്കൂര്‍ ചര്‍ച്ച

ഉച്ചക്ക് 12 മണി മുതൽ രണ്ട് മണിക്കൂർ വിഷയം നിയമസഭയിൽ ചർച്ച ചെയ്യും

MediaOne Logo

Web Desk

  • Published:

    9 Oct 2024 5:08 AM GMT

kerala assembly
X

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയം നിയമസഭ ചർച്ച ചെയ്യും. തുടർച്ചയായ മൂന്നാം ദിവസമാണ് സർക്കാർ അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ അനുമതി നൽകുന്നത്. ഉച്ചക്ക് 12 മണി മുതൽ രണ്ട് മണിക്കൂർ വിഷയം നിയമസഭയിൽ ചർച്ച ചെയ്യും.

അതേസമയം മുഖ്യമന്ത്രി ഇന്നും സഭയിലെത്തിയില്ല. ആരോഗ്യ പ്രശ്നങ്ങള്‍ മൂലമാണെന്നാണ് വിശദീകരണം. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എം. ബി രാജേഷ് മറുപടി പറയും. തെറ്റായ കാര്യങ്ങളെ സഭയിൽ ഉയർത്തിക്കൊണ്ടു വന്ന് പ്രതിപക്ഷം സഭയെ ദുരുപയോഗം ചെയ്യുകയാണെന്ന് രാജേഷ് പറഞ്ഞു. ''സഭാസമ്മേളനത്തിന്‍റെ ആദ്യദിവസം തന്നെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. അത് അടിയന്തരമായി ചർച്ച ചെയ്യാം എന്ന് സർക്കാർ അറിയിച്ചു. ഇന്നലെയും അടിയന്തര പ്രമേയം കൊണ്ടുവന്നു. അതും സർക്കാർ അംഗീകരിച്ചു. പ്രതിപക്ഷത്തിന് എന്തിനാണ് ഇത്ര അസഹിഷ്ണുത? പ്രതിപക്ഷത്തിന് ഇഷ്ടപ്പെട്ട കാര്യങ്ങളല്ല നിലപാടാണ് സർക്കാർ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിലെ അതേ കാര്യങ്ങൾ തന്നെയാണ് ഇന്നും പ്രതിപക്ഷം കൊണ്ടുവന്നിരിക്കുന്നത്. ഇതിലെ ഉദ്ദേശ്യം വളരെ വ്യക്തമാണ്. തെറ്റായ കാര്യങ്ങളെ സഭയിൽ ഉയർത്തിക്കൊണ്ടു വരികയാണ് ലക്ഷ്യം'' മന്ത്രി കൂട്ടിച്ചേര്‍ത്തു.

പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണം പ്രഹസനമെന്ന് പ്രതിപക്ഷം ആരോപിച്ചു. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കേണ്ടത് സംബന്ധിച്ച് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. പൂരം കലക്കലിലെ ത്രിതല അന്വേഷണ റിപ്പോർട്ട് വരട്ടെ എന്ന നിലപാടാണ് സർക്കാർ ഇന്നലെ സ്വീകരിച്ചത്.



TAGS :

Next Story