പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്ത നിലയിൽ
ദൗത്യസംഘമാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്

വയനാട്: വയനാട്ടിലെ പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ദൗത്യസംഘമാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഈ മേഖലയിൽ കടുവയെ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പുലർച്ചെ 2:30 ഓടെയാണ് ജഡം കണ്ടെത്തിയത്. കടുവയുടെ ദേഹത്ത് ധാരാളം പരിക്കുകൾ ഉണ്ട്.
നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യം അരുൺ സക്കറിയയുടെ നേതൃത്വത്തിൽ നടക്കുന്നതിനിടയിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. പിലാക്കാവ് ഭാഗത്ത് കടുവയെ രാവിലെ ദൗത്യസംഘം ലൊക്കേറ്റ് ചെയ്തിരുന്നു. ഈ പ്രദേശത്ത് തന്നെയാണ് ജഡം കണ്ടെത്തിയിട്ടുള്ളത്.
കടുവഭീതി നിലനിൽക്കുന്ന മാനന്തവാടി നഗരസഭയിലെ മൂന്ന് ഡിവിഷനുകളിൽ ഇന്ന് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. കടുവയുടെ ആക്രമണത്തിൽ രാധ എന്ന യുവതി കൊല്ലപ്പെട്ടതിന് പിന്നാലെ കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരുന്നു. കടുവയെ കണ്ടാൽ വെടിവെക്കാൻ ദൗത്യസംഘത്തിന് നിർദേശം നൽകിയിരുന്നു. ജഡം ബേസ് ക്യാമ്പിലേക്ക് മാറ്റി. ഏഴ് വയസ് പ്രായമുള്ള കടുവയാണ് ചത്തത്.
പഞ്ചാരക്കൊല്ലിയിലെ കടുവയുടെ മരണകാരണം പോസ്റ്റ്മോർട്ടത്തിലെ വ്യക്തമാകുകയുള്ളൂവെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. കടുവ ചത്തത് ജനങ്ങൾക്ക് ആശ്വാസമായി. ഓപ്പറേഷൻ രണ്ടാംഘട്ടം തുടരും. ആർആർടി സംഘത്തിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ഡ്രൈവ് രണ്ടോ മൂന്നോ ദിവസം തുടരും. നാട്ടുകാർ കടുവയുടെ സാന്നിധ്യമുണ്ടെന്ന് പറഞ്ഞ മേഖലകൾ കേന്ദ്രീകരിച്ച് ആയിരിക്കും പ്രത്യേക പരിശോധനയെന്നും മന്ത്രി പറഞ്ഞു.
കാട്ടിനുള്ളിൽ മൃഗങ്ങൾക്ക് പരിക്കേൽക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. ഇതേക്കുറിച്ചുള്ള പരിശോധന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16