തെരച്ചില്‍ ഫലം കണ്ടില്ല; കടുവ ഭീതി ഒഴിയാതെ മാനന്തവാടി
18 ദിവസങ്ങൾക്കിടെ 16 വളർത്തുമൃഗങ്ങളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്
പതിനെട്ട് ദിവസം പിന്നിട്ടിട്ടും വയനാട് മാനന്തവാടിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാനായില്ല. ഡ്രോൺ ഉപയോഗിച്ചും കുങ്കിയാനകളെ ഉപയോഗിച്ചും തെരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായിട്ടില്ല. കൂടു സ്ഥാപിച്ചും മയക്കുവെടിവെച്ചും പിടികൂടാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു.
18 ദിവസങ്ങൾക്കിടെ 16 വളർത്തുമൃഗങ്ങളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതിനിടെ, കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിൻ്റെ ഭാഗമായി ഉത്തരമേഖല സി.സി.എഫ് ഡി.കെ വിനോദ് കുമാർ കുറുക്കന്മൂലയിലെത്തിയിരുന്നു. കടുവയെ പിടികൂടാൻ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ ഡാറ്റാബേസിൽ ഉൾപ്പെട്ട കടുവയല്ല കുറുക്കന്മൂലയിലേതെന്നാണ് വിലയിരുത്തല്‍. കടുവയുടെ ചിത്രങ്ങൾ ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്കയച്ചിട്ടുണ്ട്. കടുവ കർണാടകയിലെ പട്ടികയിൽ ഉൾപ്പെട്ടതാണോയെന്ന് ഇന്നറിയാം.
Adjust Story Font
16